ഒമാൻ ചൈൽഡ്ഹുഡ് കോൺഫറൻസ് ആരംഭിച്ചു

ഷീബ വിജയൻ
മസ്‌കത്ത് I രണ്ടാമത് ഒമാൻ ചൈൽഡ്ഹുഡ് കോൺഫറൻസ് ആൻഡ് എക്സിബിഷന് ഒമാൻ കൺവെൻഷൻ സെന്ററിൽ തുടക്കം. ചിൽഡ്രൻ ഫസ്റ്റ് അസോസിയേഷനാണ് എക്സിബിഷൻ സംഘടിപ്പിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ പുനരധിവാസവും സാമൂഹികമായ ചേർത്തുപിടിക്കലും പ്രോത്സാഹിപ്പിക്കുന്നതിന് ആധുനിക സാങ്കേതികവിദ്യകളുടെ സഹായം ഉപയോഗപ്പെടുത്തുന്നതിലാണ് സമ്മേളനം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പുതിയ അവസരങ്ങൾ തുറന്ന ആദ്യ കോൺഫറൻസിൽ പ്രതിഭാശാലികളായ കുട്ടികളുടെ വളർച്ചയും ഒമാന്റെ ഭാവിയിൽ അവരുടെ വിഭവശേഷിയെ പ്രയോജനകരമായി ഉപയോഗപ്പെടുത്തലും ചർച്ച ചെയ്തിരുന്നു. രണ്ടാം പതിപ്പിൽ ഭിന്നശേഷിക്കാരായ കുട്ടികൾ നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യുകയും ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ അവരുടെ വിദ്യാഭ്യാസം, പുനരധിവാസം, സാമൂഹിക പങ്കാളിത്തം തുടങ്ങിയ മേഖലകളിൽ പുതിയ അവസരങ്ങൾ എങ്ങനെ സൃഷ്ടിക്കാമെന്ന് അന്വേഷിക്കുകയാണ് ലക്ഷ്യമിടുന്നത്.
സമഗ്ര അവബോധവും പരിശീലന പരിപാടികളും സംഘടിപ്പിക്കുക, ഭിന്നശേഷിക്കാരായ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് സമൂഹത്തിൽ ബോധവത്കരണം നടത്തുക, അവരെ സമൂഹത്തിൽ ഉൾപ്പെടുത്താനുള്ള ശാസ്ത്രീയവും പ്രായോഗികവുമായ മാർഗങ്ങൾ അവതരിപ്പിക്കുക, സർക്കാർ, സ്വകാര്യമേഖല, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ ചെയ്യുന്ന പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുക എന്നിവയാണ് ചൈൽഡ്ഹുഡ് കോൺഫറൻസിന്റെ പ്രധാന ലക്ഷ്യങ്ങൾ.
ADFSADSADS