പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു: ഒമാൻ തുറമുഖത്ത് സ്ഫോടനം; എണ്ണക്കപ്പലിന് നേരെ ആക്രമണം
ഷീബ വിജയൻ
മസ്കറ്റ്/ദുബായ്: പശ്ചിമേഷ്യയിലെ സംഘർഷം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നു. യുഎസും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്ന ഒമാനിലാണ് ഏറ്റവുമൊടുവിൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒമാനിലെ ഖസബ് തുറമുഖത്തിന് സമീപം എണ്ണക്കപ്പലിന് (ഓയിൽ ടാങ്കർ) നേരെ നടന്ന ആക്രമണത്തിൽ നാല് ജീവനക്കാർക്ക് പരിക്കേറ്റു.
ആക്രമണത്തിന് ഇരയായ കപ്പലിൽ 15 ഇന്ത്യക്കാരും അഞ്ച് ഇറാൻ പൗരന്മാരുമാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവർ ഒഴികെയുള്ള ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായാണ് വിവരം. ഇതിന് പുറമെ, ഒമാനിലെ ദുഖും തുറമുഖത്ത് തൊഴിലാളികളുടെ താമസസ്ഥലത്തും ഇന്ധന ടാങ്കിന് സമീപവും ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായി. സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
സംഭവത്തെ ശക്തമായി അപലപിച്ച ഒമാൻ ഭരണകൂടം, രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ കർശന നടപടികളും സ്വീകരിക്കുമെന്ന് വ്യക്തമാക്കി. ഒമാന് പുറമെ മറ്റ് പല ഗൾഫ് രാജ്യങ്ങളിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹോർമുസ് കടലിടുക്കിനോട് ചേർന്നുള്ള ഒമാൻ തീരത്തെ ഈ ആക്രമണം ആഗോള എണ്ണ വിപണിയെയും വലിയ രീതിയിൽ ബാധിച്ചേക്കുമെന്ന ആശങ്ക ശക്തമാണ്.
sadsasdfa


