ടി20 ലോകകപ്പ് ഫൈനൽ: സഞ്ജുവും സംഘവും തകർത്തടിച്ചു; ന്യൂസിലൻഡിന് മുന്നിൽ 256 റൺസ് വിജയലക്ഷ്യം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
അഹമ്മദാബാദ്: ടി20 ലോകകപ്പ് കിരീടപ്പോരാട്ടത്തിൽ ന്യൂസിലൻഡിന് കൂറ്റൻ വിജയലക്ഷ്യം ഉയർത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ, നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 255 റൺസാണ് അടിച്ചുകൂട്ടിയത്. മലയാളി താരം സഞ്ജു സാംസണിന്റെയും അഭിഷേക് ശർമയുടെയും ഇഷാൻ കിഷന്റെയും തകർപ്പൻ അർധസെഞ്ചുറികളാണ് ഇന്ത്യയ്ക്ക് കരുത്തായത്.
ഓപ്പണർമാരായ സഞ്ജു സാംസണും അഭിഷേക് ശർമയും ചേർന്ന് വെടിക്കെട്ട് തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. ആദ്യ ഓവറിലെ ആദ്യ നാല് പന്തുകളിൽ റണ്ണൊന്നും നേടാനായില്ലെങ്കിലും അഞ്ചാം പന്തിൽ സിക്സറടിച്ച് സഞ്ജു ഇന്ത്യയുടെ അക്കൗണ്ട് തുറന്നു. പിന്നീട് അഹമ്മദാബാദിലെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് റൺമഴയ്ക്കായിരുന്നു. പവർപ്ലേയിൽ മാത്രം ഇരുവരും ചേർന്ന് 92 റൺസ് അടിച്ചെടുത്തു. ടി20 ലോകകപ്പ് ഫൈനൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഓപ്പണിംഗ് ജോഡി 50-ന് മുകളിൽ സ്കോർ ചെയ്യുന്നത്.
വെറും 18 പന്തിൽ നിന്നാണ് അഭിഷേക് ശർമ തന്റെ അർധസെഞ്ചുറി പൂർത്തിയാക്കിയത്. 52 റൺസെടുത്ത അഭിഷേക് പുറത്തായെങ്കിലും സഞ്ജു ആക്രമണം തുടർന്നു. 89 റൺസെടുത്ത സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. മധ്യനിരയിൽ ഇഷാൻ കിഷനും (54) മികച്ച പിന്തുണ നൽകിയതോടെ ഇന്ത്യൻ സ്കോർ 250 കടന്നു. ന്യൂസിലൻഡിനായി ജെയിംസ് നീഷം മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
ലോകകപ്പ് ഫൈനലിലെ റെക്കോർഡ് സ്കോർ പിന്തുടരുന്ന കിവികൾക്ക് തുടക്കം മുതലേ തകർത്തടിച്ചാൽ മാത്രമേ ഇന്ത്യൻ വെല്ലുവിളി മറികടക്കാനാകൂ.
aa


