ഒമാൻ മണ്ണിലെ ആക്രമണം: ഇറാൻ പ്രസിഡന്റിനെ നേരിട്ട് അതൃപ്തി അറിയിച്ച് സുൽത്താൻ ഹൈതം


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മസ്‌കറ്റ്: ഒമാൻ ലക്ഷ്യമാക്കി തുടരുന്ന ആക്രമണങ്ങളിൽ ശക്തമായ പ്രതിഷേധവും അതൃപ്തിയും രേഖപ്പെടുത്തി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരീഖ്. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് സുൽത്താൻ ഒമാന്റെ നിലപാട് വ്യക്തമാക്കിയത്. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിർത്താൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം പെസെഷ്കിയാനെ അറിയിച്ചു.

ഒമാനിലെ സലാല തുറമുഖത്തെ ഇന്ധന ടാങ്കുകൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ നിർണ്ണായക സംഭാഷണം നടന്നത്. ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. മേഖലയിലെ സംഘർഷങ്ങളിൽ ഒമാൻ എന്നും നിഷ്പക്ഷമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് സുൽത്താൻ ആവർത്തിച്ചു. യുദ്ധം രാജ്യങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്നും അതിനാൽ നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണണമെന്നും ഇരുനേതാക്കളും ചർച്ചയിൽ പങ്കുവെച്ചു.

അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാൻ സംയുക്ത അറബ് നീക്കം വേണമെന്ന് ദിവസങ്ങൾക്ക് മുൻപ് ഒമാൻ ആവശ്യപ്പെട്ടിരുന്നു. യുദ്ധം രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോൾ മേഖലയുടെ പൊതു താൽപ്പര്യവും ജനങ്ങളുടെ സുരക്ഷയും മുൻനിർത്തി സംഘർഷം ലഘൂകരിക്കണമെന്നാണ് ഒമാന്റെ നിലപാട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും നിലവിലെ സാഹചര്യം ശാന്തമാക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചും നേതാക്കൾ സംസാരിച്ചു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed