ഒസാക്ക എക്‌സ്‌പോയിൽ ബഹ്‌റൈൻ പവിലിയന് ഗോൾഡ് അവാർഡ്

പ്രദീപ് പുറവങ്കര
മനാമ l എക്‌സ്‌പോ 2025 ഒസാക്കയിൽ ബഹ്‌റൈൻ പവിലിയന് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം. 'കണക്റ്റിങ് സീസ്’ (Connecting Seas) എന്ന പേരിലുള്ള ബഹ്‌റൈൻ പവിലിയന്, 1500 ചതുരശ്ര മീറ്ററിൽ താഴെയുള്ള സ്വയംനിർമ്മിത പവിലിയനുകളുടെ വിഭാഗത്തിൽ മികച്ച വാസ്തുവിദ്യക്കും ലാൻഡ്‌സ്‌കേപ്പിനുമുള്ള ഗോൾഡ് അവാർഡ് ലഭിച്ചു. ബ്യൂറോ ഇന്റർനാഷണൽ ഡെസ് എക്‌സ്‌പോസിഷൻസ് (BIE) ആണ് ബഹുമതി പ്രഖ്യാപിച്ചത്. പവിലിയന്റെ രൂപകൽപന, സർഗാത്മകത, സുസ്ഥിരത എന്നിവയിലെ ശ്രദ്ധേയമായ മികവാണ് ഈ നേട്ടത്തിന് ബഹ്‌റൈനിനെ അർഹമാക്കിയത്. ജാപ്പനീസ് നഗരത്തിൽ നടന്ന ഔദ്യോഗിക പുരസ്‌കാരദാനചടങ്ങിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
പൈതൃകവും നൂതനത്വവും മനോഹരമായി സമന്വയിപ്പിച്ച് രാജ്യത്തിന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുന്നതിൽ ബഹ്‌റൈൻ ടീം പ്രകടിപ്പിച്ച അർപ്പണബോധത്തിനുള്ള അംഗീകാരമാണിതെന്ന്, ബഹ്‌റൈൻ പവിലിയന്റെ കമീഷണർ ജനറലും ബഹ്‌റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആന്റിക്വിറ്റീസ് (BACA) പ്രസിഡന്റുമായ ശൈഖ് ഖലീഫ ബിൻ അഹമ്മദ് ആൽ ഖലീഫ പറഞ്ഞു. ലെബനീസ് ആർക്കിടെക്റ്റ് ലീന ഘോട്മെഹ് രൂപകൽപന ചെയ്ത ഈ പവിലിയൻ പ്രധാനമായും തടികൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.