ഇറാന്റെ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം; ശക്തമായ പ്രതിഷേധവുമായി ജി.സി.സി കൗൺസിൽ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
റോം: മേഖലയിലെ സുരക്ഷയും സ്ഥിരതയും തകർക്കുന്ന രീതിയിൽ ഇറാൻ നടത്തുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്കെതിരെ ജി.സി.സി (ഗൾഫ് സഹകരണ കൗൺസിൽ) രാജ്യങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇറ്റാലിയൻ സെനറ്റ് ആസ്ഥാനത്ത് സെനറ്റിലെ വിദേശകാര്യ-പ്രതിരോധ സമിതിയുമായി നടത്തിയ ഉന്നതതല യോഗത്തിലാണ് ഗൾഫ് രാജ്യങ്ങൾ നിലപാട് വ്യക്തമാക്കിയത്.
ജി.സി.സി അംബാസഡർമാരുടെ നിലവിലെ അധ്യക്ഷനും ബഹ്‌റൈൻ അംബാസഡറുമായ ഒസാമ ബിൻ അബ്ദുള്ള അൽ അബ്സിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ മറ്റ് ഗൾഫ് രാജ്യങ്ങളിലെയും ജോർദാനിലെയും അംബാസഡർമാർ പങ്കെടുത്തു. സിവിലിയന്മാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ ഇറാൻ നടത്തുന്ന ഇത്തരം നീക്കങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണെന്ന് അംബാസഡർമാർ പറഞ്ഞു.
സ്വന്തം പരമാധികാരവും ഭൂപ്രദേശവും പൗരന്മാരുടെ സുരക്ഷയും സംരക്ഷിക്കാൻ യുഎൻ ചാർട്ടർ പ്രകാരം ഗൾഫ് രാജ്യങ്ങൾക്ക് അവകാശമുണ്ടെന്ന് യോഗം ഓർമ്മിപ്പിച്ചു. ആഗോള ഊർജ്ജ സുരക്ഷയ്ക്കും അന്താരാഷ്ട്ര വ്യാപാരത്തിനും ഗൾഫ് മേഖല നിർണ്ണായകമാണെന്നും അവിടെയുണ്ടാകുന്ന ഏത് അസ്ഥിരതയും ലോകത്തെ ബാധിക്കുമെന്നും അംബാസഡർമാർ ചൂണ്ടിക്കാട്ടി. ഇറാന്റെ ആക്രമണങ്ങളെ ഇറ്റാലിയൻ സെനറ്റർമാരും അപലപിച്ചു. മേഖലയിൽ കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കേണ്ടത് അത്യാവശ്യമാണെന്ന് സെനറ്റ് വിദേശകാര്യ-പ്രതിരോധ സമിതി അധ്യക്ഷ സ്റ്റെഫാനിയ ക്രാക്സി വ്യക്തമാക്കി.
dsaadsadfs


