മിഡിൽ ഈസ്റ്റിലെ സംഘർഷം: എണ്ണവിലയിൽ വൻ ചാഞ്ചാട്ടം; ബ്രെന്റ് ക്രൂഡ് വില 80 ഡോളറിന് താഴേക്ക്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വലിയ അനിശ്ചിതത്വം തുടരുന്നു. ഇറാനെതിരായ സൈനിക നീക്കങ്ങളെക്കുറിച്ചുള്ള പരസ്പരവിരുദ്ധമായ വാർത്തകളാണ് വിപണിയെ ബാധിക്കുന്നത്. ചൊവ്വാഴ്ച രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് വിലയിൽ 17 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. ഇതോടെ വില ബാരലിന് 80 ഡോളറിന് താഴെയെത്തി.
എന്നാൽ, യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് എക്സ് (X) പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച ഒരു കുറിപ്പ് വിപണിയെ വീണ്ടും ചൂടുപിടിപ്പിച്ചു. ഹോർമുസ് കടലിടുക്കിലൂടെ അമേരിക്കൻ നാവികസേന ഒരു എണ്ണക്കപ്പലിന് അകമ്പടി സേവിച്ചു എന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. ഈ വാർത്ത പുറത്തുവന്നതോടെ എണ്ണവില പെട്ടെന്ന് 90 ഡോളറിന് അടുത്തേക്ക് ഉയർന്നു. എന്നാൽ നിമിഷങ്ങൾക്കകം അദ്ദേഹം ഈ പോസ്റ്റ് പിൻവലിച്ചത് നിക്ഷേപകർക്കിടയിൽ വീണ്ടും ആശയക്കുഴപ്പമുണ്ടാക്കി.
മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ എണ്ണ വിതരണത്തെ ബാധിക്കുമോ എന്ന ആശങ്ക വിപണിയിൽ ശക്തമാണ്. വരും ദിവസങ്ങളിലും വിലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
sdsdsds


