സൂം ഇനി കൂടുതൽ സ്മാർട്ട്; തത്സമയ വിവർത്തനവും എഐ സുരക്ഷാ ഫീച്ചറുകളുമായി പുതിയ അപ്‌ഡേറ്റ്
ഷീബ വിജയൻ
സൂം (Zoom) തങ്ങളുടെ സേവനങ്ങളെ കൂടുതൽ കാര്യക്ഷമവും സുരക്ഷിതവുമാക്കുന്നതിനായി വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നു. സൂം വർക്ക്‌പ്ലേസ്, സൂം ഫോൺ, സൂം സി.എക്സ് എന്നീ സേവനങ്ങളിലായിരിക്കും അത്യാധുനിക എഐ (AI) സാങ്കേതികവിദ്യകൾ ലഭ്യമാവുക.
ഇനി മുതൽ സൂം മീറ്റിങ്ങുകളിൽ ഭാഷാ തടസ്സങ്ങൾ ഒരു പ്രശ്നമാകില്ല. സംസാരിക്കുന്ന ഭാഷ തത്സമയം വിവർത്തനം ചെയ്യുന്ന പുതിയ സംവിധാനം വഴി ഏവർക്കും തങ്ങളുടെ മാതൃഭാഷയിൽ ആശയവിനിമയം നടത്താൻ സാധിക്കും. നിലവിൽ അഞ്ച് ഭാഷകളിലാണ് ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളതെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ ഭാഷകളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.
എഐ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ, വീഡിയോ കോളുകൾ കൂടുതൽ സുരക്ഷിതമാക്കാനും സൂം ശ്രദ്ധ ചെലുത്തുന്നുണ്ട്. 'ഡിജിറ്റൽ അറസ്റ്റ്' പോലുള്ള വ്യാജ വീഡിയോ-ഓഡിയോ തട്ടിപ്പുകളെ തത്സമയം തിരിച്ചറിയാനും ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകാനും പുതിയ സുരക്ഷാ സംവിധാനത്തിന് സാധിക്കും.
ഈ മാസം അവസാനം മുതൽ മീറ്റിങ്ങുകളിൽ യഥാർത്ഥ വ്യക്തിക്ക് പകരം എഐ അവതാറുകളെ ഉപയോഗിക്കാൻ ഉപഭോക്താക്കൾക്ക് അവസരം ലഭിക്കും. കൂടാതെ, മീറ്റിങ്ങുകളിലെ വിവരങ്ങൾ ഉപയോഗിച്ച് ഡോക്യുമെന്റുകൾ, സ്ലൈഡുകൾ, സ്പ്രെഡ്ഷീറ്റുകൾ എന്നിവ തനിയെ തയാറാക്കുന്ന 'എഐ കംപാനിയൻ 3.0' ഡെസ്ക്ടോപ്പ് ആപ്പുകളിൽ ലഭ്യമാകും. ഗൂഗിൾ ഡ്രൈവ്, സ്ലാക്ക് തുടങ്ങിയ മറ്റ് പ്ലാറ്റ്‌ഫോമുകളുമായി ചേർന്ന് പ്രവർത്തിക്കാനും ഈ എഐ അസിസ്റ്റന്റിന് കഴിയും.
വെറുമൊരു സംഭാഷണ പ്ലാറ്റ്‌ഫോം എന്നതിലുപരി, ജോലികൾ ഏകോപിപ്പിക്കുന്ന ഒരു സംവിധാനമായി സൂമിനെ മാറ്റാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് പ്രൊഡക്റ്റ് ആൻഡ് എൻജിനീയറിങ് വിഭാഗം പ്രസിഡന്റ് വെൽച്ചാമി ശങ്കരലിംഗം വ്യക്തമാക്കി. കോഡിങ് പരിജ്ഞാനമില്ലാത്തവർക്ക് പോലും സ്വന്തമായി എഐ ഏജന്റുകളെ സൃഷ്ടിക്കാൻ കഴിയുമെന്നതാണ് ഈ പുതിയ പ്ലാറ്റ്‌ഫോമിന്റെ പ്രധാന പ്രത്യേകത.
asdadssa


