ലോകകപ്പിന്റെ താരം സഞ്ജു സാംസണ് തലസ്ഥാനത്ത് ഉജ്ജ്വല സ്വീകരണം; അഭിനന്ദനങ്ങളുമായി വിരാട് കോഹ്‌ലി
ഷീബ l കായികം
ടി20 ലോകകപ്പിൽ ടൂർണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ട മലയാളി താരം സഞ്ജു സാംസൺ തിരുവനന്തപുരത്തെത്തി. അഹമ്മദാബാദിൽ നിന്ന് പ്രത്യേക വിമാനത്തിൽ തലസ്ഥാനത്തെത്തിയ താരത്തെ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ആവേശകരമായി സ്വീകരിച്ചു. ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ വിജയത്തിൽ നിർണ്ണായകമായത് സഞ്ജുവിന്റെ പ്രകടനമായിരുന്നു. ഫൈനലിൽ വെറും 46 പന്തുകളിൽ നിന്ന് 89 റൺസാണ് താരം അടിച്ചുകൂട്ടിയത്. ടൂർണമെന്റിലുടനീളം അഞ്ച് ഇന്നിംഗ്സുകളിൽ നിന്ന് മൂന്ന് അർദ്ധസെഞ്ചുറികൾ ഉൾപ്പെടെ 321 റൺസ് നേടിയാണ് സഞ്ജു പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരത്തിന് അർഹനായത്.
നാടിന്റെ പ്രാർത്ഥനകൾ കൊണ്ടാണ് ഇത്തരമൊരു നേട്ടം കൈവരിക്കാൻ സാധിച്ചതെന്നും ഇതൊരു വലിയ ഉത്തരവാദിത്തമായി കാണുന്നുവെന്നും സഞ്ജു പ്രതികരിച്ചു. കിരീടനേട്ടത്തിന് പിന്നാലെ സഞ്ജുവിനെ അഭിനന്ദിച്ച് വിരാട് കോഹ്‌ലി ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ രംഗത്തെത്തിയിരുന്നു. ടൂർണമെന്റിന്റെ താരമാകാൻ ഏറ്റവും അർഹൻ സഞ്ജുവാണെന്നും ടീമിന് ഏറ്റവും ആവശ്യമുള്ള ഘട്ടത്തിൽ നീ അവസരത്തിനൊത്തുയർന്നതിൽ ഒരുപാട് സന്തോഷമെന്നും കോഹ്‌ലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
വരും ദിവസങ്ങളിൽ വലിയ സ്വീകരണങ്ങളാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്. തിരുവനന്തപുരത്ത് സംസ്ഥാന സർക്കാർ ഔദ്യോഗിക സ്വീകരണം നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ക്രിക്കറ്റ് ആരാധകരുടെ വലിയൊരു നിര തന്നെ പ്രിയ താരത്തെ കാണാനായി വിമാനത്താവളത്തിൽ എത്തിയിരുന്നു.
sgfdfgdg


