രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു, വിനിമയനിരക്ക് പുതിയ ഉയരത്തിൽ

ഷീബ വിജയൻ
മസ്കത്ത് I വീണ്ടും കുതിച്ചുയർന്ന് ഒമാൻ റിയാലിന്റെ വിനിമയ നിരക്ക്. ഒരു റിയാലിന് 229.10 രൂപ എന്ന നിരക്കാണ് ഒമാനിലെ പണമിടപാട് സ്ഥാപനങ്ങൾ കഴിഞ്ഞദിവസം നൽകിയത്. കറൻസികളുടെ നിരക്കുകൾ കാണിക്കുന്ന അന്താരാഷ്ട്ര പോർട്ടലായ എക്സ് ഇ കറൻസി കൺവെർട്ടർ ഒരു റിയാലിന്റെ വിനിമയ നിരക്ക് 230 രൂപയിലധികമാണ് കാണിച്ചത്. വിനിമയ നിരക്ക് പുതിയ ഉയരത്തിൽ എത്തിയത് മലയാളികളടക്കമുള്ള ഇന്ത്യൻ പ്രവാസികൾക്ക് സന്തോഷം പകരുന്നതാണ്. അതേസമയം, പണമിടപാട് സ്ഥാപനങ്ങളിൽ കാര്യമായ തിരക്ക് അനുഭവപ്പെട്ടില്ല. വിനിമയനിരക്ക് 227ന് മുകളിൽ എത്തിയ സമയത്തുതന്നെ ഭൂരിഭാഗംപേരും നാട്ടിലേക്ക് കാശ് അയച്ചിരുന്നു. അതേസമയം, വിനിമയനിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തികരംഗത്തുള്ളവർ പറയുന്നത്. അതുകൊണ്ടുതന്നെ കൂടുതൽ ഉയർന്ന നിരക്കിനായി കാത്തിരിക്കുന്നവരുമുണ്ട്.
ഏതാനും ദിവസങ്ങളായി റിയാൽ രൂപക്കെതിരെ കുതിപ്പുനടത്തിയിരുന്നെങ്കിലും അടുത്തിടെയുണ്ടായ ഏറ്റവും ഉയർന്ന നിരക്കാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. ഇന്ത്യൻ കയറ്റുമതിയിൽ യു.എസ് ഉയർന്ന താരിഫ് നിരക്ക് ഏർപ്പെടുത്തിയതിനുപിറകെ ഇന്ത്യൻ രൂപ ദുർബലാവസ്ഥയിൽ തുടരുകയായിരുന്നു. ഇതിനുപിറകെ ഇന്ത്യയും യു.എസും തമ്മിലുള്ള വ്യാപാര ചർച്ചകൾ സംബന്ധിച്ച സൂചനയും വിപണിയെ ബാധിച്ചു.
ASSASADA