ഇസ്രായേൽ ആക്രമണം; പിന്തുണയുമായി ലോകനേതാക്കൾ ഖത്തറിൽ

ഷീബ വിജയൻ
ദോഹ I ഖത്തറിന് ഐക്യദാർഢ്യമറിയിച്ചും പിന്തുണയുമായി കൂടുതൽ ലോക നേതാക്കളും രാഷ്ട്രതലവന്മാരും ഖത്തറിലെത്തി. രാജ്യത്തിന്റെ പരമാധികാരവും അതിർത്തിയും ജനങ്ങളുടെ സുരക്ഷയും സംരക്ഷിക്കുന്നതിൽ ഖത്തർ സ്വീകരിക്കുന്ന എല്ലാ ശ്രമങ്ങൾക്കും നേതാക്കൾ പിന്തുണ അറിയിച്ചു. ദോഹയിലെത്തിയ പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ശഹ്ബാസ് ശരീഫ് അമീരി ദിവാനിൽവെച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി. ഇസ്രായേലിന്റെ ആക്രമണം ഖത്തറിന്റെ പരമാധികാരത്തിന്മേലുള്ള ലംഘനമാണെന്നും എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും മാനദണ്ഡങ്ങളെയും ലംഘിക്കുന്നുവെന്നും മേഖലയിലെ സുരക്ഷ, സ്ഥിരത, സമാധാന സാധ്യതകൾ എന്നിവയെ ദുർബലപ്പെടുത്തുന്നുവെന്നും പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ശഹ്ബാസ് ശരീഫ് പറഞ്ഞു. മേഖലയിൽ സമാധാനവും സ്ഥിരതയും കൈവരിക്കാനുള്ള രാജ്യത്തിന്റെ അമീറിന്റെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. കൂടിക്കാഴ്ചയിൽ, പരസ്പര താൽപര്യമുള്ള പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും വിവിധ മേഖലകളിൽ അവയെ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുവരും ചർച്ചചെയ്തു.
യോഗത്തിൽ ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ഹസൻ ബിൻ അലി ആൽഥാനിയും പങ്കെടുത്തു. ദോഹയിൽ എത്തിയ ജോർഡൻ കിരീടാവകാശി പ്രിൻസ് അൽ ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമനെയും പ്രതിനിധി സംഘത്തെയും ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിച്ചു. ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയായ ലെഖ് വിയ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി, ഖത്തറിലെ ജോർഡൻ അംബാസഡർ സായിദ് മുഫ്‌ലഹ് അൽ ലാസി എന്നിവരും സന്നിഹിതരായിരുന്നു.
DDDFSDS