ഗാസയിൽ വീണ്ടും ഇസ്രായേൽ ആക്രമണം: മൂന്ന് മാധ്യമപ്രവർത്തകർ ഉൾപ്പെടെ 11 മരണം
ജോയ് ആന്റണി / വിദേശകാര്യം:
ഗാസയിൽ ഇന്നലെ ഇസ്രായേൽ സൈന്യം നടത്തിയ വെടിവയ്പ്പിൽ മൂന്ന് മാധ്യമപ്രവർത്തകരും രണ്ട് കുട്ടികളും ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു. മധ്യഗാസയിൽ റിപ്പോർട്ടിങ്ങിനായി പോയ മാധ്യമപ്രവർത്തകർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയായിരുന്നു ആക്രമണം. പലസ്തീൻ അഭയാർത്ഥികൾ താമസിക്കുന്ന ഇടങ്ങളെക്കുറിച്ചുള്ള വാർത്തകൾ തയ്യാറാക്കാൻ പോയവരാണ് കൊല്ലപ്പെട്ടത്.
ഗാസയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്ന ഈജിപ്ഷ്യൻ കമ്മിറ്റിയുടെ മേൽനോട്ടത്തിലായിരുന്നു മാധ്യമപ്രവർത്തകരുടെ യാത്ര. ഇവരുടെ വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ വാഹനത്തിലുണ്ടായിരുന്നവർ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട വിഷയത്തിൽ ഇസ്രായേൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സൈന്യത്തിന് വലിയ ഭീഷണിയായിരുന്ന ഒരു പലസ്തീൻ ഭീകരനെ വധിച്ചു എന്ന് മാത്രമാണ് ഇസ്രായേൽ പ്രതിരോധ സേനയുടെ വിശദീകരണം. മേഖലയിൽ ഇസ്രായേൽ ആക്രമണം ശക്തമായതോടെ സാധാരണക്കാരും മാധ്യമപ്രവർത്തകരും നേരിടുന്ന സുരക്ഷാ ഭീഷണി വർദ്ധിച്ചിരിക്കുകയാണ്.
aa


