പശ്ചിമേഷ്യൻ സംഘർഷം: പാക്കിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; മന്ത്രിമാർക്ക് ശമ്പളമില്ല, സ്കൂളുകൾക്ക് അവധി
ശാരിക l വിദേശകാര്യം
ഇസ്‌ലാമാബാദ്: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതിന് പിന്നാലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി പാക്കിസ്ഥാൻ. പശ്ചിമേഷ്യൻ സംഘർഷം ഊർജ വിതരണത്തെ ബാധിച്ചതോടെയാണ് പാക്കിസ്ഥാൻ വൻ തിരിച്ചടി നേരിടുന്നത്. സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിനും ഇന്ധന ലാഭത്തിനുമായി കർശന നിർദേശങ്ങളാണ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് മുന്നോട്ടുവെച്ചിരിക്കുന്നത്. പ്രതിസന്ധിയെ തുടർന്ന് പാക്കിസ്ഥാനിൽ കാബിനറ്റ് മന്ത്രിമാർക്ക് അടുത്ത രണ്ട് മാസത്തേക്ക് ശമ്പളം നൽകില്ല.
സ്കൂളുകൾക്ക് അടുത്ത ആഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സർവകലാശാലകളിലെ ക്ലാസുകൾ പൂർണ്ണമായും ഓൺലൈനാക്കും. പ്രവൃത്തി ദിനങ്ങളും വെട്ടിച്ചുരുക്കിയിട്ടുണ്ട്. ആഴ്ചയിൽ നാല് പ്രവൃത്തി ദിനങ്ങൾ മാത്രമായിരിക്കും ഉണ്ടായിരിക്കുക. പ്രതിസന്ധിയെ തുടർന്ന് രണ്ട് മാസത്തേക്ക് സർക്കാർ ചെലവുകൾ 20 ശതമാനം വെട്ടിക്കുറയ്ക്കും. കൂടാതെ സർക്കാർ വാഹനങ്ങൾക്കുള്ള ഇന്ധന വിഹിതം പകുതിയായി കുറയ്ക്കുകയും ചെയ്തു. സർക്കാർ ഉദ്യോഗസ്ഥരിൽ പകുതി പേർക്കും വർക്ക് ഫ്രം ഹോം അനുവദിച്ചിട്ടുണ്ട്.
അതേസമയം അവശ്യ സർവീസുകൾക്ക് ഇളവ് ബാധകമല്ല. അനാവശ്യമായ ഔദ്യോഗിക വിദേശ യാത്രകൾക്ക് വിലക്കേർപ്പെടുത്തി. സർക്കാർ വക സെമിനാറുകളും കോൺഫറൻസുകളും ഇനി ഹോട്ടലുകൾക്ക് പകരം സർക്കാർ കെട്ടിടങ്ങളിൽ തന്നെ നടത്തണം. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതം തടസപ്പെട്ടത് പാക്കിസ്ഥാനെ സാരമായി ബാധിച്ചിട്ടുണ്ട്. ക്രൂഡ് ഓയിൽ, എൽഎൻജി എന്നിവയ്ക്കായി പാക്കിസ്ഥാൻ പൂർണ്ണമായും ഗൾഫ് രാജ്യങ്ങളെ ആശ്രയിച്ചിരുന്നതാണ് രൂക്ഷ പ്രതിസന്ധിക്ക് കാരണമായത്.
dgdg


