'യുദ്ധം എത്രകാലം വേണമെങ്കിലും തുടരും'; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ഗൾഫ് മേഖലയിലെ സംഘർഷം ഉടൻ അവസാനിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയെ തള്ളി ഇറാൻ. തങ്ങളുടെ ലക്ഷ്യം കാണുന്നതുവരെ എത്രകാലം വേണമെങ്കിലും പോരാട്ടം തുടരുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി വ്യക്തമാക്കി. യുഎസുമായി ചർച്ചകൾക്കില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ, മണിക്കൂറുകൾക്കുള്ളിൽ ഗൾഫ് രാഷ്ട്രങ്ങളിലെ അമേരിക്കൻ സഖ്യകക്ഷികൾക്ക് നേരെ ഇറാൻ പുതിയ ആക്രമണ പരമ്പരകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

യുദ്ധം ഉടൻ അവസാനിക്കുമെന്ന ട്രംപിന്റെ ഉറപ്പിനെത്തുടർന്ന് ഓഹരി വിപണിയിലുണ്ടായ തകർച്ചയും ക്രൂഡ് ഓയിൽ വിലക്കയറ്റവും താൽക്കാലികമായി നിയന്ത്രിക്കപ്പെട്ടിരുന്നു. ബാരലിന് 100 ഡോളർ കടന്ന എണ്ണവില അഞ്ച് ശതമാനത്തോളം കുറയുകയും ടോക്കിയോ, സിയോൾ വിപണികൾ കരുത്ത് വീണ്ടെടുക്കുകയും ചെയ്തിരുന്നു. "യുദ്ധം ഉടൻ അവസാനിക്കും, അവർ വീണ്ടും ആക്രമിച്ചാൽ അതിശക്തമായ തിരിച്ചടി നൽകും" എന്നായിരുന്നു ഫ്ലോറിഡയിൽ നടന്ന വാർത്താസമ്മേളനത്തിൽ ട്രംപ് പറഞ്ഞത്. ഇറാൻ എണ്ണ വിതരണം തടഞ്ഞാൽ ആർക്കും സങ്കൽപ്പിക്കാൻ കഴിയാത്ത തരത്തിലുള്ള തിരിച്ചടി നൽകുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു.

എന്നാൽ, ട്രംപിന്റെ ഈ അവകാശവാദങ്ങളെ പൂർണ്ണമായും തള്ളിക്കൊണ്ടാണ് അബ്ബാസ് അരാഗ്ച്ചി പിബിഎസ് ന്യൂസിന് അഭിമുഖം നൽകിയത്. "ആക്രമണങ്ങൾ തുടരുകയാണ്, ഞങ്ങൾ അതിന് സജ്ജരാണ്. എത്രകാലം വേണമെങ്കിലും മിസൈൽ ആക്രമണം തുടരാൻ ഇറാൻ തയ്യാറാണ്," എന്ന് അദ്ദേഹം പറഞ്ഞു. യുദ്ധത്തിന്റെ അവസാനം തീരുമാനിക്കുന്നത് തങ്ങളായിരിക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡും പ്രതികരിച്ചു.

അമേരിക്കയുമായുള്ള ചർച്ചകൾക്ക് ഇനി പ്രസക്തിയില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. മുൻപ് നടന്ന ചർച്ചകൾക്കിടയിലും അമേരിക്ക ആക്രമണം നടത്തിയിട്ടുണ്ടെന്നും ആ കയ്പേറിയ അനുഭവം ഉള്ളതുകൊണ്ട് തന്നെ വാഷിംഗ്ടണുമായി ഇനി സംസാരിക്കുക എന്നത് ഇറാന്റെ അജണ്ടയിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

sdfsdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed