ഗ്രീൻലാൻഡ് തർക്കം: യൂറോപ്യൻ രാജ്യങ്ങൾക്കുമേലുള്ള ഇറക്കുമതി തീരുവ ട്രംപ് പിൻവലിച്ചു
ജോയ് ആന്റണി/വിദേശകാര്യം:
ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള നീക്കത്തെ എതിർത്ത എട്ട് യൂറോപ്യൻ രാജ്യങ്ങൾക്കുമേൽ പ്രഖ്യാപിച്ചിരുന്ന പ്രത്യേക ഇറക്കുമതി തീരുവയിൽനിന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്മാറി. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെയുമായി നടത്തിയ നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ട്രംപിന്റെ ഈ നയതന്ത്രപരമായ ചുവടുമാറ്റം.
ഫെബ്രുവരി ഒന്നിന് പ്രാബല്യത്തിൽ വരേണ്ടിയിരുന്ന പത്ത് ശതമാനം അധിക നികുതിയാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. മാർക്ക് റൂട്ടെയുമായുള്ള ചർച്ചകൾ തികച്ചും ഫലപ്രദമായിരുന്നുവെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ' കുറിച്ചു. ഗ്രീൻലാൻഡിനും ആർട്ടിക് മേഖലയ്ക്കും വേണ്ടിയുള്ള ഭാവി കരാറിന്റെ ഏകദേശ രൂപരേഖ തയ്യാറായതായും അദ്ദേഹം അവകാശപ്പെട്ടു.
നേരത്തെ, ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കാനുള്ള കരാറിൽ തീരുമാനമായില്ലെങ്കിൽ ഫെബ്രുവരി മുതൽ പത്ത് ശതമാനവും, ജൂൺ ഒന്നു മുതൽ നികുതി 25 ശതമാനമായും ഉയർത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. എന്നാൽ പുതിയ ധാരണയുടെ പശ്ചാത്തലത്തിൽ ഈ സമ്മർദ്ദതന്ത്രങ്ങളിൽ നിന്ന് താൽക്കാലികമായി പിന്മാറാൻ അമേരിക്ക തീരുമാനിക്കുകയായിരുന്നു. ആർട്ടിക് മേഖലയിലെ സുരക്ഷയും സഹകരണവും സംബന്ധിച്ച പുതിയ ചർച്ചകൾക്ക് ഈ നീക്കം വഴിതുറക്കുമെന്നാണ് കരുതപ്പെടുന്നത്.
aa


