ശബരിമല സ്വർണ്ണക്കൊള്ള: നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര്; പാരഡി ഗാനങ്ങളുമായി വാദപ്രതിവാദം
ഷീബ/കേരളം:
ശബരിമല സ്വർണ്ണക്കൊള്ളക്കേസിനെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാദപ്രതിവാദം. സഭാനടപടികൾ ആരംഭിച്ചതുമുതൽ പ്ലക്കാർഡുകളും ബാനറുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സ്പീക്കറുടെ ഇരിപ്പിടം മറച്ചുകൊണ്ട് ബാനറുകൾ ഉയർത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതോടെ സഭ പ്രക്ഷുബ്ധമായി.
മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും അന്വേഷണ സംഘത്തിന് മേലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. 'പോറ്റിയേ കേറ്റിയേ' എന്ന പാരഡി ഗാനം പാടിയാണ് പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചത്.
അതേസമയം, വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകാത്തതിനെ പരിഹസിച്ചുകൊണ്ട് ഭരണപക്ഷം തിരിച്ചടിച്ചു. ചർച്ചയെ പ്രതിപക്ഷം ഭയപ്പെടുകയാണെന്നും തിണ്ണമിടുക്ക് മാത്രമാണ് കാണിക്കുന്നതെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഹൈക്കോടതിയിൽ തോറ്റപ്പോൾ സഭയിൽ സമരം ചെയ്യുകയാണെന്നും അദ്ദേഹം പരിഹസിച്ചു. 'സ്വർണം കട്ടത് ആരപ്പാ, കോൺഗ്രസ് ആണ് അയ്യപ്പാ' എന്ന് തിരിച്ചു പാടിയാണ് ഭരണപക്ഷ എംഎൽഎമാർ പ്രതിപക്ഷത്തെ നേരിട്ടത്.
വിഷയം ദേശീയ രാഷ്ട്രീയത്തിലേക്കും നീണ്ടു. സോണിയ ഗാന്ധിയുടെ വീട്ടിൽ പോറ്റി രണ്ടുതവണ പോയത് എന്തിനാണെന്ന് ചോദിച്ച മന്ത്രി വി. ശിവൻകുട്ടി, സോണിയ ഗാന്ധിയെ ചോദ്യം ചെയ്യണമെന്നും അവരുടെ വീട് റെയ്ഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. പ്രതിപക്ഷം വസ്തുതകളിൽ നിന്ന് ഒളിച്ചോടുകയാണെന്ന് മന്ത്രി വീണാ ജോർജും കുറ്റപ്പെടുത്തി. കടുത്ത പ്രതിഷേധങ്ങൾക്കിടയിലും സഭ നന്ദിപ്രമേയ ചർച്ചകളിലേക്ക് കടന്നു.
aa


