യുഎഇയിൽ പുതിയ വിസാ നിയമം ഇന്ന് മുതൽ പൂർണപ്രാബല്യത്തിൽ

യുഎഇയിൽ പുതിയ വിസാ നിയമങ്ങൾ ഇന്ന് മുതൽ പൂർണ പ്രാബല്യത്തിൽ. യുഎഇയിൽ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ പ്രവാസികൾക്കും പുതിയ നിയമങ്ങൾ പ്രയോജനം ചെയ്യും. വിസ നൽകുന്നത് ഉദാരവും വിപുലവുമാക്കുന്നതാണ് പദ്ധതി. സന്ദർശക, തൊഴിൽ, ദീർഘകാല വിസകൾ ഇവയിൽ പെടും. സന്ദർശകർക്ക് നാളെ മുതൽ ഒരു ആതിഥേയനോ സ്പോൺസറോ ആവശ്യമില്ല.
ഏപ്രിൽ പകുതിയോടെ കൈക്കൊണ്ട മന്ത്രിസഭാ തീരുമാനമാണ് പ്രാബല്യത്തിലാകുന്നത്. ചിലത് ഇതിനകം പ്രാബല്യത്തിൽ വന്നു. അഞ്ച് വർഷത്തെ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസയാണ് ഇതിൽ പ്രധാനം. ഈ വിസക്ക് സ്പോൺസർ ആവശ്യമില്ല. കൂടാതെ 90 ദിവസം വരെ താമസിക്കാൻ അനുവാദമുണ്ട്.
ഇത് 90 ദിവസത്തേക്ക് കൂടി നീട്ടാം. ഈ ടൂറിസ്റ്റ് വിസയിൽ ഒരാൾക്ക് പരമാവധി 180 ദിവസം താമസിക്കാം. അപേക്ഷിക്കുന്നതിന് മുമ്പ് കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 4,000 ഡോളർ (14,700 ദിർഹം) അല്ലെങ്കിൽ തത്തുല്യ വിദേശ കറൻസിയിൽ ബേങ്ക് ബാലൻസ് ഉണ്ടായിരിക്കണം. സന്ദർശനത്തിന്റെ ഉദ്ദേശ്യം നിറവേറ്റുന്ന, വ്യത്യസ്ത കാലയളവുകൾക്കുള്ള സന്ദർശക വിസകൾ ലഭിക്കും. തൊഴിൽ വിസകളും വിപുലമാകും. വൈദഗ്ധ്യമുള്ളവർക്കു ദീർഘകാല വിസ എളുപ്പം ലഭിക്കും.
ബന്ധുക്കളെ/ സുഹൃത്തുക്കളെ സന്ദർശിക്കാനുള്ള വിസ: യുഎഇ പൗരന്റെയോ താമസക്കാരന്റെയോ ബന്ധുവോ സുഹൃത്തോ ആണെങ്കിൽ ഈ വിസക്ക് അപേക്ഷിക്കാം.
താത്കാലിക തൊഴിൽ വിസ: പ്രൊബേഷൻ ടെസ്റ്റിംഗ് അല്ലെങ്കിൽ പദ്ധതി അധിഷ്ഠിത ജോലി പോലെയുള്ള താൽക്കാലിക തൊഴിൽ നിയമനം ഉള്ളവർക്ക് ഈ വിസക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ ഒരു താൽക്കാലിക തൊഴിൽ കരാറോ തൊഴിലുടമയിൽ നിന്നുള്ള ഒരു കത്തോ ഹാജരാക്കണം.
പഠന/പരിശീലനത്തിനുള്ള വിസ: പരിശീലനം, പഠന കോഴ്‌സുകൾ, ഇന്റേൺഷിപ്പ് പ്രോഗ്രാമുകൾ എന്നിവയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ആളുകളെയോ വിദ്യാർഥികളെയോ ലക്ഷ്യമിട്ടുള്ളതാണിത്. പൊതു−സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങൾക്ക് ഈ വിസ സ്‌പോൺസർ ചെയ്യാം. പഠനത്തിന്റെയോ പരിശീലനത്തിന്റെയോ ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെയോ വിശദാംശങ്ങൾ വ്യക്തമാക്കുന്ന, സ്ഥാപനത്തിൽ നിന്നുള്ള കത്ത് ആവശ്യമാണ്.
കുടുംബ വിസ: മാതാപിതാക്കൾക്ക് 18 വയസ്സിന് താഴെയുള്ള കുട്ടികളെ മാത്രമേ മുമ്പ് സ്‌പോൺസർ ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. ഇനി മുതൽ 25 വയസ്സ് വരെയുള്ള ആൺകുട്ടികളെ സ്‌പോൺസർ ചെയ്യാം. വികലാംഗരായ കുട്ടികൾക്കും പ്രത്യേക പെർമിറ്റ് ലഭിക്കും. ഗോൾഡൻ വിസ ഉദാരമാകും.
jfgvj