കുഞ്ഞിന് ചികിത്സ നൽകിയില്ല, മൃതദേഹം ജോലിസ്ഥലത്തിന് സമീപം കുഴിച്ചുമൂടി; ഏഷ്യൻ ദമ്പതികൾക്കെതിരെ വിധി ഏപ്രിൽ 14-ന്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് വൈദ്യസഹായം നൽകാതെ മരണത്തിന് കാരണമാവുകയും, മൃതദേഹം രഹസ്യമായി കുഴിച്ചുമൂടുകയും ചെയ്ത കേസിൽ ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി ഏപ്രിൽ 14-ന് വിധി പറയും. 35 വയസ്സുകാരിയായ അമ്മയും 26 വയസ്സുകാരനായ പിതാവും ഉൾപ്പെടെ മൂന്ന് ഏഷ്യൻ വംശജരാണ് കേസിൽ വിചാരണ നേരിടുന്നത്. മൃതദേഹം മറവുചെയ്യാൻ സഹായിച്ച സഹപ്രവർത്തകയാണ് മൂന്നാം പ്രതി.

ആറാം മാസത്തിലോ ഏഴാം മാസത്തിലോ ജനിച്ച കുഞ്ഞിന് അടിയന്തര വൈദ്യസഹായം നൽകുന്നതിൽ ദമ്പതികൾ വീഴ്ച വരുത്തിയെന്നും ഇതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. അധാരി മേഖലയിലെ ജോലിസ്ഥലത്തിന് സമീപമുള്ള ഒഴിഞ്ഞ പറമ്പിലാണ് കുഞ്ഞിനെ കുഴിച്ചുമൂടിയത്. അമ്മയുടെ സഹപ്രവർത്തകയ്ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കുഞ്ഞിന് സമ്മാനങ്ങളുമായി എത്തിയ സഹപ്രവർത്തകയോട് കുഞ്ഞ് മരിച്ചുവെന്നും വിദേശത്തേക്ക് അയച്ചുവെന്നും ദമ്പതികൾ മാറി മാറി പറഞ്ഞത് സംശയത്തിനിടയാക്കി.

ഫോറൻസിക് പരിശോധനയിൽ കുഞ്ഞിന്റെ പൊക്കിൾക്കൊടി വൈദ്യശാസ്ത്രപരമായ രീതിയിലല്ലാതെ സാധാരണ നൂല് ഉപയോഗിച്ചാണ് കെട്ടിയതെന്ന് കണ്ടെത്തി. ഇത് പ്രസവം ആശുപത്രിയിലല്ല നടന്നതെന്നതിന് തെളിവായി. ഡിഎൻഎ പരിശോധനയിലൂടെ ദമ്പതികൾ തന്നെയാണ് കുഞ്ഞിന്റെ മാതാപിതാക്കളെന്ന് സ്ഥിരീകരിച്ചു. കൂടാതെ, പ്രതികളായ രണ്ട് സ്ത്രീകൾക്കെതിരെ ബഹ്‌റൈനിൽ അനധികൃതമായി താമസിച്ചതിനും കേസെടുത്തിട്ടുണ്ട്. കുറ്റാരോപിതരെ വെറുതെ വിടണമെന്ന് പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ ആവശ്യപ്പെട്ടു.

article-image

ADSFDESAFDSAW

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed