അപകടസ്ഥലത്തെ അനാവശ്യ ആൾക്കൂട്ടം രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയെന്ന് അധികൃതർ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: അപകടങ്ങളും അടിയന്തര സാഹചര്യങ്ങളും ഉണ്ടാകുമ്പോൾ സ്ഥലത്ത് തടിച്ചുകൂടുന്ന ജനക്കൂട്ടം രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാകുന്നതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം. കേവലം ആകാംക്ഷയുടെ പേരിൽ ആളുകൾ തടിച്ചുകൂടുന്നത് ആംബുലൻസുകൾക്കും സിവിൽ ഡിഫൻസ് യൂണിറ്റുകൾക്കും വേഗത്തിൽ സ്ഥലത്തെത്തുന്നതിന് തടസ്സമാകുന്നുവെന്ന് മന്ത്രാലയത്തിലെ കേണൽ ഡോ. ഒസാമ ബഹാർ പറഞ്ഞു.
സെക്കൻഡുകൾ വിലപ്പെട്ട രക്ഷാദൗത്യങ്ങളിൽ, ആളുകളുടെ ബഹളം പോലും തടസ്സമുണ്ടാക്കാറുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ രക്ഷാപ്രവർത്തകർ ശബ്ദതരംഗങ്ങളെയാണ് പലപ്പോഴും ആശ്രയിക്കുന്നത്. ഇതിനിടയിൽ ചുറ്റുമുള്ളവരുടെ ബഹളം ദൗത്യത്തെ ദോഷകരമായി ബാധിക്കും. അടുത്തിടെ ഇറാൻ ഡ്രോൺ വീണ സ്ഥലത്ത് ആളുകൾ കൂട്ടമായി എത്തുകയും മൊബൈലിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുകയും ചെയ്തത് സുരക്ഷാ ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിച്ചിരുന്നു.
അപകടസ്ഥലത്തെ ദൃശ്യങ്ങൾ പകർത്തുന്നവർക്കെതിരെ മറ്റൊരു മുന്നറിയിപ്പും അധികൃതർ നൽകുന്നുണ്ട്. ഇത്തരം ദൃശ്യങ്ങൾ ഫോണിൽ സൂക്ഷിക്കുന്നവരുടെ ഡിവൈസുകൾ ഹാക്ക് ചെയ്യപ്പെടുന്നതായി പരാതികൾ ലഭിച്ചിട്ടുണ്ട്. സംശയാസ്പദമായ ലിങ്കുകൾ വഴി ഫോണിലെ വിവരങ്ങൾ ചോർത്തുന്നതായാണ് റിപ്പോർട്ട്. അപകടമുണ്ടായാൽ സ്ഥലത്തുനിന്ന് മാറിനിൽക്കുന്നതും അടിയന്തര വാഹനങ്ങൾക്ക് വഴിയൊരുക്കുന്നതുമാണ് പൗരന്മാർക്ക് ചെയ്യാവുന്ന ഏറ്റവും വലിയ സഹായമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
ASDASWAQSW


