ഇറാൻ ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ബഹ്‌റൈനിൽ ആറുപേർ പിടിയിൽ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ഇറാൻ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ആറുപേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ജനങ്ങൾക്കിടയിൽ ഭീതി പടർത്തുന്ന രീതിയിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും, ശത്രുതാപരമായ നടപടികളെ മഹത്വവൽക്കരിക്കുകയും ചെയ്തതിനാണ് നടപടി. ജനറൽ ഡയറക്ടറേറ്റ് ഫോർ കോംബാറ്റിംഗ് കറപ്‌ഷൻ, ഇക്കണോമിക് ആൻഡ് സൈബർ സെക്യൂരിറ്റി വിഭാഗത്തിന് കീഴിലെ സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റാണ് ഇവരെ തിരിച്ചറിഞ്ഞതും പിടികൂടിയതും.
പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും രാജ്യത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്നതുമായ രീതിയിലാണ് പ്രതികൾ വീഡിയോകൾ പങ്കുവെച്ചത്. അറസ്റ്റിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മന്ത്രാലയം അറിയിച്ചു.
ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കണമെന്നും സ്ഥിരീകരിക്കാത്ത വാർത്തകളോ വീഡിയോകളോ പ്രചരിപ്പിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം ജനങ്ങൾക്ക് കർശന നിർദ്ദേശം നൽകി. നിയമനടപടികൾ ഒഴിവാക്കാനും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനും ഇത്തരം പ്രവണതകളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
DSSADAS


