യുഎഇക്ക് നേരെയുള്ള ഇറാൻ ആക്രമണം; എട്ട് മിസൈലുകളും 26 ഡ്രോണുകളും തകർത്തു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്സിന് നേരെ ഇന്ന് നടന്ന ശക്തമായ ആക്രമണങ്ങളെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി പ്രതിരോധിച്ചു. രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ എട്ട് ബാലിസ്റ്റിക് മിസൈലുകളും 26 ഡ്രോണുകളുമാണ് പ്രതിരോധ സേന തകർത്തത്. ഒരു മിസൈൽ സമുദ്രത്തിൽ പതിച്ചതായും ഒമ്പത് ഡ്രോണുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണതായും അധികൃതർ അറിയിച്ചു.
ഇറാന്റെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങൾ ആരംഭിച്ചത് മുതൽ ഇതുവരെ 262 ബാലിസ്റ്റിക് മിസൈലുകളാണ് യുഎഇ പ്രതിരോധ വിഭാഗം കണ്ടെത്തിയത്. ഇതിൽ 241 എണ്ണം തകർത്തു. 19 മിസൈലുകൾ കടലിൽ പതിച്ചപ്പോൾ രണ്ട് മിസൈലുകൾ മാത്രമാണ് കരയിൽ വീണത്. കൂടാതെ, ഇതുവരെ എത്തിയ 1,475 ഡ്രോണുകളിൽ 1,385 എണ്ണവും പ്രതിരോധ സംവിധാനം തടഞ്ഞു. എട്ട് ക്രൂയിസ് മിസൈലുകളും വിജയകരമായി നിർവീര്യമാക്കിയിട്ടുണ്ട്.
ആക്രമണങ്ങളിൽ ഇതുവരെ ആറ് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. യുഎഇ, പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളാണ് കൊല്ലപ്പെട്ടത്. സ്വദേശികളും വിവിധ രാജ്യക്കാരായ താമസക്കാരും ഉൾപ്പെടെ 122 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ഈജിപ്ത് തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കാണ് പരിക്കേറ്റത്.
രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഏത് നീക്കത്തെയും നേരിടാൻ പ്രതിരോധ മന്ത്രാലയം പൂർണ്ണ സജ്ജമാണെന്ന് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ദേശീയ താൽപ്പര്യങ്ങളും വിഭവങ്ങളും സംരക്ഷിക്കുന്നതിനായി കർശനമായ നടപടികൾ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
്ു്ു


