യുഎഇയിൽ ഭക്ഷ്യസാധനങ്ങളുടെ വില കുറയുന്നു; സ്റ്റോക്ക് സുരക്ഷിതമെന്ന് സാമ്പത്തികകാര്യ മന്ത്രി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ദുബായ്: യുഎഇയിലെ വിപണികളിൽ ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമമില്ലെന്നും പഴം, പച്ചക്കറി വിപണികളിൽ വില കുറഞ്ഞുതുടങ്ങിയതായും സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ മർറി അറിയിച്ചു. ദുബായ് അൽ അവിറിലെ ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ മാർക്കറ്റിൽ ഇന്ന് നടത്തിയ പരിശോധനയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കാർഷിക ഉൽപ്പന്നങ്ങളുടെ പുതിയ കപ്പലുകൾ തുടർച്ചയായി എത്തുന്നതാണ് വില കുറയാൻ കാരണം. വരും ദിവസങ്ങളിൽ കൂടുതൽ സ്റ്റോക്ക് എത്തുന്നതോടെ വില ഇനിയും താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപണിയിലെ പ്രവർത്തനങ്ങൾ വിലയിരുത്താനും ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനുമാണ് മന്ത്രി നേരിട്ടെത്തിയത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഉണ്ടായിരുന്നതിനേക്കാൾ കുറഞ്ഞ നിരക്കിലാണ് പല സാധനങ്ങളും ഇപ്പോൾ വിൽക്കപ്പെടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ ഭക്ഷ്യശേഖരങ്ങൾ വിപണിയിൽ ഇറക്കുന്നത് മന്ത്രി നേരിട്ട് കണ്ടു. അവശ്യസാധനങ്ങളുടെ ലഭ്യത വർദ്ധിക്കുന്നത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാകുമെന്ന് വ്യാപാരികളും വ്യക്തമാക്കി.
ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്ന ആശങ്ക വേണ്ടെന്നും സാധനങ്ങൾ അനാവശ്യമായി പൂഴ്ത്തിവെക്കരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു. പരിഭ്രാന്തരായി സാധനങ്ങൾ വാങ്ങിക്കൂട്ടാതെ യഥാർത്ഥ ആവശ്യത്തിന് മാത്രം വാങ്ങുക. വിപണിയിലെ സാഹചര്യങ്ങൾ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഉപഭോക്താക്കളുടെ പരാതികൾക്ക് ഉടനടി പരിഹാരം കാണുമെന്നും അദ്ദേഹം ഉറപ്പുനൽകി.
aa


