കരുത്തുകാട്ടി യു.എ.ഇ വ്യോമപ്രതിരോധം; ഇന്ന് മാത്രം തകർത്തത് 113 ഡ്രോണുകളും 16 മിസൈലുകളും
പ്രദീപ് പുറവങ്കര I ബഹ്റൈൻ
അബുദാബി: യു.എ.ഇ ലക്ഷ്യമാക്കി ഇറാൻ നടത്തിയ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ന് മാത്രം വിക്ഷേപിച്ച 17 ബാലസ്റ്റിക് മിസൈലുകളിൽ 16 എണ്ണവും യു.എ.ഇ വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ നശിപ്പിച്ചു. ഒരു മിസൈൽ സമുദ്രത്തിൽ പതിച്ചു.
ഇന്ന് കണ്ടെത്തിയ 117 ഡ്രോണുകളിൽ 113 എണ്ണവും തകർത്തു. നാല് ഡ്രോണുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിച്ചിട്ടുണ്ട്. ഇറാൻ ആക്രമണം ആരംഭിച്ചതിന് ശേഷം ഇതുവരെ 238 ബാലസ്റ്റിക് മിസൈലുകളും 1,422 ഡ്രോണുകളും 8 ക്രൂയിസ് മിസൈലുകളും യു.എ.ഇക്ക് നേരെ തൊടുത്തുവിട്ടതായും മന്ത്രാലയം വ്യക്തമാക്കി.
ആക്രമണങ്ങളിൽ പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളായ നാല് പേർ കൊല്ലപ്പെട്ടു. വിവിധ രാജ്യക്കാരായ 112 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഇന്ത്യക്കാർക്ക് പുറമെ യു.എ.ഇ, ഈജിപ്ത്, സുഡാൻ, ഫിലിപ്പീൻസ്, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.
രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്ന് പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഏത് തരത്തിലുള്ള ആക്രമണങ്ങളെയും പ്രതിരോധിക്കാൻ സേന സജ്ജമാണെന്നും ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കുമെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
aa


