ദുബായ് എക്സ്പോയിലെത്തിയത് രണ്ടരക്കോടി സന്ദർശകർ

ദുബായ് എക്സ്പോയിലെത്തിയ സന്ദർശകരുടെ കണക്ക് അധികൃതർ പുറത്തുവിട്ടു. ആറ് മാസത്തിനിടെ 24,102,967 ജനങ്ങളാണ് എക്സ്പോയിലേക്ക് ഒഴുകിയെത്തിയത്. മൂന്നിൽ ഒന്ന് സന്ദർശകരും വിദേശത്തുനിന്നെത്തിവരാണ്. 178 രാജ്യങ്ങളിലെ സന്ദർശകരാണ് എക്സ്പോയിലെത്തിയത്. ഇന്ത്യ, ജർമനി, സൗദി, യുകെ, റഷ്യ, ഫ്രാൻസ്, യുഎസ് എന്നീ രാജ്യങ്ങളിലെ സന്ദർശകരായിരുന്നു ഏറെയും. 49 ശതമാനം സന്ദർശകരും വീണ്ടും എക്സ്പോയിലെത്തി. 70 ശതമാനം പേർ സീസൺ പാസ് ഉപയോഗിച്ചാണ് പ്രവേശിച്ചത്. എക്സ്പോ അവസാനിക്കാൻ 50 ദിവസം ബാക്കിയുള്ളപ്പോൾ അധികൃതർ പുറത്തിറക്കിയ 50 ദിർഹം സീസൺ പാസ് ഉപയോഗിച്ച് നിരവധിപേരാണ് എത്തിയത്. 22 ശതമാനം ആളുകൾ ഒരു ദിവസത്തെ പാസിലാണ് പ്രവേശിച്ചത്. എട്ട് ശതമാനം പേർ മൾട്ടി ഡേ പാസ് ഉപയോഗിച്ചു.
എക്സ്പോ സ്കൂൾ പ്രോഗ്രാമിന്‍റെ ഭാഗമായി പത്ത് ലക്ഷം വിദ്യാർഥികൾ എത്തി. സ്കൂൾ പരിപാടികൾ സജീവമായ ജനുവരി മുതലായിരുന്നു വിദ്യാർഥികളുടെ ഒഴുക്ക് സജീവമായത്.18 വയസിൽ താഴെയുള്ള 18 ശതമാനം പേർ മേളയ്ക്കെത്തിയപ്പോൾ മൂന്ന് ശതമാനം പേർ 60 വയസിന് മുകളിലുള്ളവരായിരുന്നു. നിശ്ചയദാർഡ്യ വിഭാഗത്തിൽപ്പെട്ട ലക്ഷത്തിലേറെ പേർ എക്സ്പോയിൽ എത്തിയതായും അധികൃതർ അറിയിച്ചു.