ദേശീയ അസംബ്ലി പിരിച്ചുവിട്ടു; പാക്കിസ്ഥാൻ തെരഞ്ഞെടുപ്പിലേക്ക്

പാക്കിസ്ഥാൻ ദേശീയ അസംബ്ലി പിരിച്ചുവിട്ടു. പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ അഭ്യർഥന അംഗീകരിച്ച് പ്രസിഡന്‍റാണ് 342 അംഗ ദേശീയ അസംബ്ലി പിരിച്ചുവിട്ടത്. പാക്കിസ്ഥാന്‍ പാര്‍ലമെന്‍റില്‍ ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ വോട്ടെടുപ്പ് ഡെപ്യൂട്ടി സ്പീക്കര്‍ തള്ളിയിരുന്നു. അവിശ്വാസ പ്രമേയം ഭരണഘടനയ്ക്ക് എതിരാണെന്നായിരുന്നു അദ്ദേഹം നൽകിയ വിശദീകരണം. ഇതിന് തൊട്ടു പിന്നാലെയാണ് ദേശീയ അസംബ്ലി പിരിച്ചു വിടാൻ ഇമ്രാൻ ഖാൻ പ്രസിഡന്‍റിനോട് അഭ്യർഥിച്ചത്.
ദേശീയ അസംബ്ലി പിരിച്ചുവിട്ട സാഹചര്യത്തിൽ പാക്കിസ്ഥാൻ വീണ്ടും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ കാവല്‍ പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ തുടരും. അതേസമയം, ദേശീയ അസംബ്ലിയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. അസംബ്ലി പിരിച്ചുവിടാനുള്ള ഇമ്രാന്‍റെ നീക്കം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം പറഞ്ഞു. വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു.