ബഹ്‌റൈനിൽ ഇന്റർനെറ്റ് വേഗത കുറഞ്ഞെന്ന വാർത്തകൾ അടിസ്ഥാനരഹിതം; വിശദീകരണവുമായി ബിനെറ്റ് സി.ഇ.ഒ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: മേഖലയിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ കാരണം ബഹ്‌റൈനിലെ ഫൈബർ ഇന്റർനെറ്റ് സേവനങ്ങളെ ബാധിച്ചിട്ടുണ്ടെന്ന പ്രചരണങ്ങൾ ബിനെറ്റ് (BNET) സി.ഇ.ഒ അഹമ്മദ് അൽ ദോസരി തള്ളി. രാജ്യത്തെ ഇന്റർനെറ്റ് വേഗത സാധാരണ നിലയിലാണെന്നും യാതൊരുവിധ തടസ്സങ്ങളും നേരിട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാദേശിക പത്രത്തിന് നൽകിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ദേശീയ ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്കിന്റെ ആകെ ശേഷിയുടെ 15 ശതമാനം മാത്രമാണ് നിലവിൽ പ്രതിദിനം ഉപയോഗിക്കപ്പെടുന്നത്. ബാക്കി 85 ശതമാനം ശേഷിയും ലഭ്യമാണെന്നിരിക്കെ, വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ നിലവിലെ ഇൻഫ്രാസ്ട്രക്ചറിന് പൂർണ്ണമായും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ തന്നെ ഇന്റർനെറ്റ് വേഗത കുറയുന്നതായി പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണ്.
സേവനത്തിന്റെ ഗുണനിലവാരത്തിൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നും അഹമ്മദ് അൽ ദോസരി ചൂണ്ടിക്കാട്ടി. വീടുകളിൽ ഇന്റർനെറ്റ് അനുഭവത്തെ ബാധിക്കുന്നത് പുറത്തെ നെറ്റ്‌വർക്ക് മാത്രമല്ല, വീടിനുള്ളിലെ വയറിംഗിന്റെ ഗുണനിലവാരവും വൈഫൈ ഉപകരണങ്ങളുടെ പ്രവർത്തനക്ഷമതയും വേഗതയെ ബാധിക്കുന്ന ഘടകങ്ങളാണ്. ഏത് സാഹചര്യത്തിലും ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാൻ ബിനെറ്റ് സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
XZDSADSA


