പ്രവാസികൾക്കായി ചാർട്ടേഡ് വിമാനങ്ങൾ; കൈകോർത്ത് ബഹ്‌റൈനിലെ ഇന്ത്യൻ സംഘടനകൾ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: നിലവിലെ സാഹചര്യം കണക്കിലെടുത്ത് ബഹ്‌റൈനിലെ ഇന്ത്യൻ പ്രവാസികൾക്കായി പ്രമുഖ സംഘടനകൾ ഒരുക്കുന്ന ചാർട്ടേഡ് വിമാന സർവീസുകൾക്ക് വലിയ പ്രതികരണം. ബഹ്‌റൈൻ കേരളീയ സമാജം, കന്നഡ സംഘ, നവ് ഭാരത്, ഇന്ത്യൻ ക്ലബ് തുടങ്ങി വിവിധ സംഘടനകൾ ഗൾഫ് എയറുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. യാത്രക്കാർക്ക് ആവശ്യമായ സൗദി ട്രാൻസിറ്റ് വിസയും ബഹ്‌റൈനിൽ നിന്ന് ദമ്മാമിലേക്കുള്ള റോഡ് യാത്രയും ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇത്തരമൊരു സംവിധാനം ആദ്യം അനൗൺസ് ചെയ്ത ബഹ്‌റൈൻ കേരളീയ സമാജം ഒരുക്കുന്ന കൊച്ചിയിലേക്കുള്ള വിമാനം മാർച്ച് 15, 16, 17 , 20 തീയതികളിൽ ദമ്മാമിൽ നിന്ന് പുറപ്പെടും. എല്ലാ ഫ്ലൈറ്റുകളുടെയും മുഴുവൻ ടിക്കറ്റുകൾ വിറ്റുതീർന്നതായി ഭാരവാഹികൾ അറിയിച്ചു. 300 മുതൽ 325 ബഹ്‌റൈൻ ദിനാറാണ് ഇതിന്റെ ടിക്കറ്റ് നിരക്ക്. കന്നഡ സംഘയുടെ നേതൃത്വത്തിൽ മാർച്ച് 16-ന് മുംബൈയിലേക്ക് നടത്തുന്ന സർവീസിന് 280 ദിനാറാണ് നിരക്ക് ഈടാക്കുന്നത്. ഇന്ത്യൻ ക്ലബ്ബ് മാർച്ച് 20-ന് ചെന്നൈയിലേക്ക് നടത്തുന്ന സർവീസിന് 325 ദിനാറാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. ഈ വിമാനം പൂർണ്ണമായും ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു.

ഗർഭിണികൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവർക്കാണ് ടിക്കറ്റ് ബുക്കിംഗിൽ മുൻഗണന നൽകുന്നത്. കന്നഡ സംഘത്തിന് ഇതിനോടകം 400-ഓളം ബുക്കിംഗുകൾ ലഭിച്ചു കഴിഞ്ഞു. നവ് ഭാരത് വഴി 230 പേർ രജിസ്റ്റർ ചെയ്തു. ഹൈദരാബാദ്, ഡൽഹി, കേരളത്തിലെ മറ്റ് വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലേക്ക് കൂടുതൽ സർവീസുകൾ നടത്തുന്ന കാര്യം ആലോചനയിലാണെന്ന് ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് അറിയിച്ചു. ലാഭേച്ഛയില്ലാതെ, തികച്ചും ഒരു കമ്മ്യൂണിറ്റി സേവനം എന്ന നിലയിലാണ് ഈ വിമാനങ്ങൾ ക്രമീകരിക്കുന്നതെന്ന് സംഘാടകർ വ്യക്തമാക്കി. ആവശ്യക്കാരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സർവീസുകൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് സംഘടനകൾ ആലോചിക്കുന്നുണ്ട്.

ഇതോടൊപ്പം ബഹ്റൈനിലെ വിവിധ ട്രാവൽ ഏജൻസികളും സമാനമായ രീതിയിൽ ചാർട്ടേർഡ് വിമാന സംവിധാനമൊരുക്കാനുള്ള ശ്രമത്തിലാണ്. ബഹ്റൈൻ വ്യോമപാത അടച്ചതിനാൽ വിമാനത്താവളവും പ്രവർത്തന സജ്ജമായിട്ടില്ല. ഈ കാരണം കൊണ്ടാണ് ദമാം വഴിയുള്ള യാത്രക്കായി ഗൾഫ് എയർ മുൻകൈയെടുത്തിരിക്കുന്നത്. അതേസമയം സാഹചര്യത്തിന്റെ സമ്മർദ്ധം കാരണം സാധാരണ നിരക്കിനെക്കാൾ അഞ്ചും ആറും ഇരട്ടി തുക ടിക്കറ്റിനായി നൽകേണ്ടി വരുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാകുന്നുമുണ്ട്.

article-image

EFSDSESAWQA

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed