അബുദാബിയിലെ റോഡുകളിൽ ടോൾ നടപ്പാക്കുന്നു
അബുദാബി : അബുദാബിയിലെ റോഡുകളിൽ ഉടനെ ടോൾ പ്രാബല്യത്തിലാവും. ടോൾ ഏർപ്പെടുത്തേണ്ട പ്രദേശങ്ങൾ, പ്രാവർത്തികമാക്കുന്ന സമയം, നിരക്ക് എന്നിവ നിശ്ചയിക്കുന്നതിനുള്ള ഉത്തരവാദിത്തം ഗതാഗത വകുപ്പിനായിരിക്കും. യു.എ.ഇ പ്രസിഡണ്ടും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ച പുതിയ നിയമ പ്രകാരമാണ് എമിറേറ്റിലെ ഗതാഗത തിരക്കേറിയ പ്രധാന റോഡുകളിലും ടോൾ നിരക്ക് നിലവിൽ വരുന്നത്.
ടോൾ സംബന്ധിച്ച ഗതാഗത വകുപ്പിന്റെ നിർദ്ദേശങ്ങൾ അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ അംഗീകാരത്തിനായാണ് സമർപ്പിക്കേണ്ടത്. ടോൾ ഏർപ്പെടുത്തുന്ന റോഡിലൂടെ കടന്നുപോകുന്ന വാഹന ഉടമകളിൽ നിന്ന് പണം ശേഖരിക്കുന്ന രീതികളും ഗതാഗത വകുപ്പിന്റെ ചുമതലയിലായിരിക്കും. എന്നാൽ ആംബുലൻസുകൾ, പോലീസ്− സായുധ സേനാ വാഹനങ്ങൾ, സിവിൽ ഡിഫൻസ് വാഹനങ്ങൾ, പബ്ലിക് ബസുകൾ, മോട്ടോർസൈക്കിളുകൾ എന്നിവയെ ടോൾ നിരക്ക് ഈടാക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഗതാഗത വകുപ്പ് ചെയർമാന്റെ നിർദ്ദേശാനുസരണം മറ്റേതെങ്കിലും വാഹനങ്ങളെ ടോൾ നിരക്കിൽനിന്ന് ഒഴിവാക്കുന്നതു സംബന്ധിച്ച് എക്‌സിക്യൂട്ടീവ് കൗൺസിലിന് തീരുമാനമെടുക്കാനാവും. ടോൾ പേയ്‌മെന്റ് ഒഴിവാക്കാൻ നിയമ വിരുദ്ധമായ മാർഗത്തിലൂടെ വാഹനത്തിന്റെ നന്പർ പ്ലേറ്റ് മറച്ചുവച്ച് റോഡിലൂടെ സഞ്ചരിക്കുന്നത് ഗതാഗത വകുപ്പ് എട്ടാം ചട്ടമനുസരിച്ച് ശിക്ഷാർഹമായിരിക്കും. നിയമ വിരുദ്ധമായ ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററിന് ബന്ധപ്പെട്ട അധികൃതരെ സമീപിക്കാം.
ടോൾ നിരക്ക് അടയ്ക്കാതെ സഞ്ചരിക്കുന്ന വാഹന ഉടമകളിൽനിന്ന് ഈടാക്കുന്ന പിഴ 10,000 ദിർഹത്തിൽ കൂടരുതെന്നും നിയമം അനുശാസിക്കുന്നു. ഒരു വാഹനത്തിന് ചുമത്തപ്പെടുന്ന പരമാവധി പിഴ ആദ്യ കുറ്റകൃത്യം ചെയ്ത തീയ്യതി മുതൽ ഒരു വർഷത്തിനുള്ളിൽ 25,000 ദിർഹത്തിൽ അധികം ആകരുതെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. 2007 ജൂലൈ ഒന്നിനാണ് ദുബൈയിലെ ഗതാഗത തിരക്കേറിയ പ്രധാന റോഡുകളിൽ ട്രാഫിക്ക് കുറയ്ക്കുവാനുള്ള ലക്ഷ്യത്തോടെ ടോൾ നിരക്ക് ആദ്യമായി യു.എ.ഇയിൽ ആരംഭിച്ചത്.
തലസ്ഥാന നഗരിയിലെ റോഡുകളിലും സാലിക് അഥവാ ടോൾ ഏർപ്പെടുത്തുന്നത് ഗതാഗത തിരക്ക് കുറയ്ക്കാനും അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് വിലയിരുത്തൽ. ടോൾ ഏർപ്പെടുത്താനുള്ള ഷെയ്ഖ് ഖലീഫാ ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ച പുതിയ നിയമത്തിന്റെ വിശദാംശങ്ങൾ ഗതാഗത വകുപ്പ് ഉടനെ നിർണയിച്ചേക്കും.



