ബഹ്‌റൈനിൽ 'വാർ റിസ്ക്' ഇൻഷുറൻസ് പരിരക്ഷ ആരംഭിച്ചു; മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്കും ഇൻഷുറൻസ് ലഭിക്കും
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: മേഖലയിലെ മാറിവരുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ബഹ്‌റൈനിലെ ഇൻഷുറൻസ് കമ്പനികൾ ആദ്യമായി 'വാർ റിസ്ക്' കവറേജ് നൽകിത്തുടങ്ങി. അടുത്തിടെയുണ്ടായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെത്തുടർന്ന് സുരക്ഷാ മുൻകരുതൽ എന്ന നിലയിലാണ് ഇൻഷുറൻസ് മേഖലയിൽ ഈ നിർണ്ണായക മാറ്റം കൊണ്ടുവന്നിരിക്കുന്നത്.
യുദ്ധം, മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ, പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലുണ്ടാകുന്ന അവശിഷ്ടങ്ങൾ എന്നിവ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഈ ഇൻഷുറൻസ് പരിരക്ഷ നൽകും. മുൻപ് ഇത്തരം പോളിസികൾക്ക് രാജ്യത്ത് വലിയ പ്രസക്തിയില്ലായിരുന്നുവെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇതിന് വലിയ ഡിമാൻഡ് വർധിച്ചിട്ടുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തന്ത്രപ്രധാനമായ വ്യവസായങ്ങൾ, വലിയ ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റുകൾ, പ്രമുഖ കെട്ടിടങ്ങൾ എന്നിവയ്ക്ക് വാർ കവർ എടുക്കുന്നത് ഉചിതമാണെന്ന് തകാഫുൾ ഇന്റർനാഷണൽ ഡയറക്ടർ ഫജർ അബ്ദുൽ അസീസ് പറഞ്ഞു. വ്യക്തിഗത സുരക്ഷയ്ക്കായി ലൈഫ് ഇൻഷുറൻസ്, പേഴ്സണൽ ആക്സിഡന്റ് പോളിസികളിൽ 'പാസീവ് വാർ എക്സ്റ്റൻഷൻ' ഉൾപ്പെടുത്താനും അവർ നിർദ്ദേശിച്ചു.
ഇൻഷുറൻസ് ക്ലെയിം ചെയ്യുമ്പോൾ നാശനഷ്ടങ്ങൾ യുദ്ധവുമായി നേരിട്ട് ബന്ധപ്പെട്ടതാണെന്ന് തെളിയിക്കുന്ന രേഖകളും ഫോട്ടോകളും ഹാജരാക്കേണ്ടതുണ്ട്. സംഘർഷ സമയത്ത് 30 മുതൽ 60 ദിവസത്തിൽ കൂടുതൽ വീട് ഒഴിഞ്ഞുകിടന്നാൽ സാധാരണ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല എന്നതിനാൽ അത്തരം സാഹചര്യങ്ങളിൽ കമ്പനിയെ മുൻകൂട്ടി അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. സോളിഡാരിറ്റി ബഹ്‌റൈൻ പോലുള്ള കമ്പനികൾ മെഡിക്കൽ ഇൻഷുറൻസിൽ ടെലി-കൺസൾട്ടേഷൻ, കൗൺസിലിംഗ് സേവനങ്ങളും പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ ഓരോരുത്തരും തങ്ങളുടെ പോളിസികൾ കൃത്യമായി പഠിക്കണമെന്ന് ഇൻഷുറൻസ് വിദഗ്ധർ ഓർമ്മിപ്പിച്ചു.
asdasdads



