രൂപയ്ക്ക് റെക്കോര്‍ഡ് വീഴ്ച, ഡോളറിനെതിരെ 93ലേക്ക് കൂപ്പുകുത്തി
ഷീബ വിജയൻ
അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തി. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 93.08 എന്ന റെക്കോർഡ് ഇടിവിലേക്കാണ് എത്തിയത്. രാജ്യത്തെ ശക്തമായ ജിഡിപി വളർച്ചാ നിരക്കിനിടയിലും, ആഗോളതലത്തിൽ ഡോളർ കരുത്താർജ്ജിച്ചതും എണ്ണവിലയിലെ അസ്ഥിരതയുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇതോടൊപ്പം ആഭ്യന്തര വിപണിയിൽ സ്വർണവിലയിലും വർധനയുണ്ടായി; പവന് 480 രൂപയാണ് ഇന്ന് ഉയർന്നത്.
ഭാരതം പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 100 ഡോളറിന് മുകളിൽ തുടരുന്നത് വിപണിയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. എന്നാൽ കടലിൽ കുടുങ്ങിക്കിടക്കുന്ന ഇറാനിയൻ എണ്ണയുടെ മേലുള്ള ഉപരോധം നീക്കുമെന്ന യുഎസ് പ്രഖ്യാപനം ക്രൂഡ് ഓയിൽ വിലയിൽ നേരിയ കുറവുണ്ടാക്കാൻ സഹായിച്ചിട്ടുണ്ട്. ഇന്ന് രാവിലെയോടെ ബ്രെന്റ് ഓയിൽ വില 1.53 ശതമാനം കുറഞ്ഞ് 106.99 ഡോളറിലും, ഡബ്ല്യുടിഐ ക്രൂഡ് ഓയിൽ 2.02 ശതമാനം കുറഞ്ഞ് 93.62 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്. എണ്ണവിലയിലെ ഈ കുറവ് വരും ദിവസങ്ങളിൽ രൂപയുടെ മൂല്യത്തിൽ പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് സാമ്പത്തിക വിദഗ്ധർ.
edsededewr



