കള്ളനോട്ട് നൽകി തട്ടിപ്പ്: ബഹ്‌റൈൻ പൗരന് അഞ്ച് വർഷം തടവും പിഴയും
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: കള്ളനോട്ട് നൽകി ഹോട്ടൽ മുറിയും സാധനങ്ങളും വാങ്ങാൻ ശ്രമിച്ച കേസിൽ 28 വയസ്സുകാരനായ ബഹ്‌റൈൻ പൗരന് അഞ്ച് വർഷം തടവും 500 ദിനാർ പിഴയും ശിക്ഷ വിധിച്ചു. ഹൈ ക്രിമിനൽ കോടതിയുടേതാണ് ഉത്തരവ്. 20 ദിനാറിന്റെ വ്യാജ നോട്ടുകൾ ഉപയോഗിച്ച് മനാമയിലെ ഹോട്ടലിൽ മുറിയെടുക്കാനും സൂപ്പർമാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങാനുമാണ് പ്രതി ശ്രമിച്ചത്.
ഹോട്ടലിൽ പത്ത് ദിനാർ വാടകയ്ക്ക് മുറിയെടുത്ത ശേഷം ബാക്കി തുകയായി ഒറിജിനൽ പത്ത് ദിനാർ കൈക്കലാക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. തുടർന്ന് സൂപ്പർമാർക്കറ്റിൽ നിന്ന് സിഗരറ്റും ലൈറ്ററും വാങ്ങിയെങ്കിലും നോട്ട് വ്യാജമാണെന്ന് തിരിച്ചറിഞ്ഞ ജീവനക്കാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ പ്രതിയുടെ കൈവശമുണ്ടായിരുന്ന സിഗരറ്റ് പാക്കറ്റിനുള്ളിൽ നിന്ന് കൂടുതൽ കള്ളനോട്ടുകൾ കണ്ടെടുത്തു.
ഫോട്ടോകോപ്പി മെഷീൻ ഉപയോഗിച്ചാണ് നോട്ടുകൾ നിർമ്മിച്ചതെന്ന് ഫോറൻസിക് വിദഗ്ധർ കോടതിയെ അറിയിച്ചു. സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈന്റെ ഡിസൈനിൽ സാധാരണക്കാരെ എളുപ്പത്തിൽ പറ്റിക്കാൻ കഴിയുന്ന രീതിയിലായിരുന്നു ഇവ നിർമ്മിച്ചിരുന്നത്. തനിക്ക് ആരോ നൽകിയ പണമാണെന്നും കള്ളനോട്ടാണെന്ന് അറിയില്ലെന്നുമാണ് പ്രതി കോടതിയിൽ വാദിച്ചതെങ്കിലും നേരത്തെ പബ്ലിക് പ്രോസിക്യൂഷന് നൽകിയ മൊഴിയിൽ ഇയാൾ കുറ്റം സമ്മതിച്ചിരുന്നു.
dsdsdsfv



