ബഹ്‌റൈനിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; കടൽ പ്രക്ഷുബ്ധമായേക്കും
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്ത് ഇന്നും അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് ഗതാഗത-വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പലയിടങ്ങളിലും ചിതറിയ മഴയ്ക്കും ചില സമയങ്ങളിൽ ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് പ്രവചനം.
മണിക്കൂറിൽ 5 മുതൽ 10 നോട്ട്സ് വരെ വേഗതയിൽ വീശുന്ന തെക്ക്-കിഴക്കൻ കാറ്റ് ചില അവസരങ്ങളിൽ 18 നോട്ട്സ് വരെയും, ശക്തമായ കാറ്റുള്ളപ്പോൾ 35 നോട്ട്സ് വരെയും ഉയരാൻ സാധ്യതയുണ്ട്. ഇടിമിന്നലോടൊപ്പം അതിശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
തീരപ്രദേശങ്ങളിൽ തിരമാലകൾ 1 മുതൽ 2 അടി വരെയും പുറംകടലിൽ 2 മുതൽ 4 അടി വരെയും ഉയരും. എന്നാൽ കാറ്റ് കടുക്കുന്ന സമയത്ത് തിരമാലകൾ 7 അടി വരെ ഉയരാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പുലർത്തണം. ഇന്ന് കൂടിയ താപനില 25 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസും ആയിരിക്കും. അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് 40 മുതൽ 95 ശതമാനം വരെ വ്യത്യാസപ്പെടാമെന്നും അധികൃതർ വ്യക്തമാക്കി.
ഇന്നലെയുണ്ടായ കനത്ത മഴയെത്തുടർന്നുള്ള സാഹചര്യങ്ങൾ അധികൃതർ നേരിട്ടുവരികയാണ്.
asas



