ബഹ്‌റൈനിൽ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; യുഎഇ സേനയിലെ കരാർ ജീവനക്കാരൻ കൊല്ലപ്പെട്ടു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈന് നേരെ കഴിഞ്ഞ ദിവസം ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ യുഎഇ സായുധ സേനയിലെ മൊറോക്കൻ കരാർ ജീവനക്കാരൻ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ബഹ്‌റൈൻ പ്രതിരോധ സേനയിലെയും യുഎഇ സേനയിലെയും നിരവധി ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി ബിഡിഎഫ് ജനറൽ കമാൻഡ് അറിയിച്ചു. ഫെബ്രുവരി 28 മുതൽ തുടരുന്ന ഇറാന്റെ പ്രകോപനപരമായ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെയാണ് ദൗർഭാഗ്യകരമായ ഈ സംഭവമുണ്ടായത്.
കൊല്ലപ്പെട്ട മൊറോക്കൻ പൗരന്റെ കുടുംബാംഗങ്ങളെയും യുഎഇ സായുധ സേനയെയും ബിഡിഎഫ് ജനറൽ കമാൻഡ് അനുശോചനം അറിയിച്ചു. പരിക്കേറ്റ സൈനികരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആവശ്യമായ ചികിത്സ ലഭ്യമാക്കുകയും ചെയ്തു. ഇവരുടെ പരിക്കുകൾ സാരമുള്ളതല്ലെന്നും പലരും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടതായും അധികൃതർ വ്യക്തമാക്കി. ബാക്കിയുള്ളവരുടെ ആരോഗ്യനില നിലവിൽ നിരീക്ഷിച്ചു വരികയാണ്.
രാജ്യത്തിന്റെ ആകാശ-കര-സമുദ്ര അതിർത്തികൾ സംരക്ഷിക്കുന്നതിനും ഏത് ഭീഷണിയെയും നേരിടുന്നതിനും സൈന്യം പൂർണ്ണ സജ്ജമാണെന്ന് ബിഡിഎഫ് പ്രസ്താവനയിൽ ആവർത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗിക ചാനലുകൾ വഴി പുറത്തുവിടുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
desadsdas



