കായിക ലോകത്ത് ചരിത്രനേട്ടം: 2028 ലോക ഇൻഡോർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് ഭുവനേശ്വർ വേദിയാകും
ഷീബ വിജയൻ
2028ലെ ലോക ഇൻഡോർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് ഒഡീഷയിലെ ഭുവനേശ്വർ വേദിയാകും. പോളണ്ടിലെ ടോറൂണിൽ ചേർന്ന വേൾഡ് അത്‌ലറ്റിക്‌സ് കൗൺസിൽ യോഗത്തിലാണ് ഈ ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ചത്. ഇതാദ്യമായാണ് ലോക ഇൻഡോർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. നീരജ് ചോപ്രയുടെ ഒളിമ്പിക്സ് വിജയങ്ങൾക്ക് ശേഷം ഇന്ത്യൻ അത്‌ലറ്റിക്‌സിന് അന്താരാഷ്ട്ര തലത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണിതെന്ന് അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (AFI) വ്യക്തമാക്കി.
സാധാരണ ഔട്ട്‌ഡോർ മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി 200 മീറ്റർ ട്രാക്കിലാണ് ഇൻഡോർ മത്സരങ്ങൾ നടക്കുക. കാറ്റിന്റെ സ്വാധീനമില്ലാത്ത അടച്ചുറപ്പുള്ള സ്റ്റേഡിയത്തിൽ നടക്കുന്ന 60 മീറ്റർ സ്പ്രിന്റ് ഉൾപ്പെടെയുള്ള മത്സരങ്ങൾ കായിക പ്രേമികൾക്ക് പുത്തൻ അനുഭവമാകും. പോൾവോൾട്ട് ഇതിഹാസം അർമാൻഡ് മോണ്ടോ ഡുപ്ലാന്റിസ് അടക്കമുള്ള ലോകോത്തര താരങ്ങൾ ഭുവനേശ്വറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇൻഡോർ മത്സരങ്ങൾക്കായി ഇന്ത്യൻ താരങ്ങളെ പ്രത്യേകം സജ്ജമാക്കുമെന്ന് മുൻ ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവ് അഞ്ജു ബോബി ജോർജ് പ്രതികരിച്ചു.
അത്യാധുനിക സൗകര്യങ്ങളുള്ള ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയമായിരിക്കും ഈ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കുക. 2028ലെ വേൾഡ് അണ്ടർ 20 ചാമ്പ്യൻഷിപ്പ്, 2031ലെ വേൾഡ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് എന്നിവയ്ക്ക് പുറമെ 2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ വലിയ സ്വപ്നങ്ങളിലേക്കുള്ള നിർണായക ചുവടുവെപ്പായി ഈ നേട്ടം വിലയിരുത്തപ്പെടുന്നു.
adsadssa



