ആശങ്ക വേണ്ട ; മുൻകരുതൽ നടപടികൾ നിർദേശിച്ച് ബഹ്റൈൻ അഭ്യന്തര മന്ത്രാലയം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ മുൻനിർത്തി അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ഭയാശങ്കകളില്ലാതെ സാഹചര്യങ്ങളെ അവധാനതയോടെ കൈകാര്യം ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിച്ചു. വൈദ്യുതി, ജല വിതരണങ്ങൾ തടസ്സപ്പെടാൻ സാധ്യതയുള്ള സാഹചര്യങ്ങൾ മുൻകൂട്ടി കണ്ട് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ മന്ത്രാലയം ആവശ്യപ്പെട്ടു.
വൈദ്യുതി തടസ്സമുണ്ടായാൽ പരിഭ്രാന്തരാകാതെ വീടിനുള്ളിൽ തന്നെ കഴിയാൻ ശ്രമിക്കണം. വെളിച്ചത്തിനായി മെഴുകുതിരികൾക്ക് പകരം ബാറ്ററിയിൽ പ്രവർത്തിക്കുന്ന ടോർച്ചുകളോ ഫ്ലാഷ്‌ലൈറ്റുകളോ ഉപയോഗിക്കുന്നതാണ് സുരക്ഷിതം. മെഴുകുതിരി ഉപയോഗിക്കുന്നുണ്ടെങ്കിൽ അവ കർട്ടനുകൾ പോലെയുള്ള എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കളിൽ നിന്ന് അകറ്റി വെക്കണം. അടച്ചിട്ട മുറികളിലോ ഗാരേജുകളിലോ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നത് മാരകമായ വാതകങ്ങൾ നിറയാൻ കാരണമാകുമെന്നതിനാൽ ഇത് കർശനമായി ഒഴിവാക്കണം. മുറിക്കുള്ളിൽ കൃത്യമായ വായുസഞ്ചാരം ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.
മുൻകരുതൽ നടപടിയായി കുടിവെള്ളം, ഭക്ഷണം, പ്രഥമശുശ്രൂഷാ സാമഗ്രികൾ, ടോർച്ച്, ബാറ്ററികൾ എന്നിവ ഉൾപ്പെടുന്ന അടിയന്തര കിറ്റ് എപ്പോഴും തയ്യാറാക്കി വെക്കണം. ഫോണുകൾ പരമാവധി ചാർജ് ചെയ്ത് സൂക്ഷിക്കുകയും പവർ ബാങ്കുകൾ കരുതുകയും വേണം. വാഹനങ്ങളിൽ എപ്പോഴും ഇന്ധനം നിറച്ചു സൂക്ഷിക്കണം. കാർ ചാർജറുകൾ ഉപയോഗിക്കുമ്പോൾ അടച്ചിട്ട ഗാരേജുകളിൽ വാഹനം സ്റ്റാർട്ട് ചെയ്ത് ഇടുന്നത് ഒഴിവാക്കണം. കൂടുതൽ വിവരങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി നാഷണൽ സിവിൽ പ്രൊട്ടക്ഷൻ പ്ലാറ്റ്‌ഫോമിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (www.ncpp.gov.bh) സന്ദർശിക്കാവുന്നതാണ്.
adsdsasd
dfrsfgfg



