പ്രധാനമന്ത്രി നരേന്ദ്ര മോദി 10ന് യു.എ.ഇയിലെത്തും
അബുദാബി : പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 10ന് യു.എ.ഇയിലെത്തും. പത്തിനു വൈകിട്ട് അബുദാബിയിലെത്തുന്ന പ്രധാനമന്ത്രി യു.എ.ഇ ഉന്നത നേതാക്കളുമായി ചർച്ച നടത്തും. ദുബൈയിൽ ആറാമത് ലോക സർക്കാർ ഉച്ചകോടിയിൽ പ്രധാനമന്ത്രി പ്രസംഗിക്കും. അബുദാബിയിൽ ക്ഷേത്രത്തിനു വീഡിയോ കോൺഫറൻസിങ്ങിലൂടെ തറക്കല്ലിടും. യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് മക്തൂം ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തും.
യു.എ.ഇയെക്കൂടാതെ ഒമാൻ, പലസ്തീൻ എന്നിവിടങ്ങളിലും നരേന്ദ്ര മോദി സർന്ദർശനം നടത്തും. ഈ മാസം ഒന്പതു മുതൽ 12വരെ നടത്തുന്ന സന്ദർശനം ഊർജം, സുരക്ഷാ സഹകരണം, ഭീകരവാദ വിരുദ്ധ നടപടികൾ തുടങ്ങിയവ സംബന്ധിച്ചു സുപ്രധാനമാണെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഒമാനിൽ സുൽത്താൻ ഖാബൂസ് ഗ്രാൻഡ്മോസ്കും ശിവക്ഷേത്രവും സന്ദർശിക്കുന്ന പ്രധാനമന്ത്രി, നേതാക്കളുമായി ചർച്ച നടത്തും. ഇരുരാജ്യങ്ങളുമായി സുരക്ഷാവിഷയങ്ങളിൽ പങ്കാളിത്തം ശക്തമാക്കാൻ പ്രധാനമന്ത്രിയുടെ സന്ദർശനം സഹായകമാകുമെന്നും ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിന് ഇടപെടൽ നടത്തിയ രാജ്യമാണ് ഒമാനെന്നതു ശ്രദ്ധേയമാണെന്നും ഗൾഫ് രാജ്യങ്ങളുടെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി മൃദുൽ കുമാർ പറഞ്ഞു. പലസ്തീനിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്. യു.എ.ഇയിലേക്കു മോദിയുടെ രണ്ടാം സന്ദർശനമാണ്, ഒമാനിലേക്ക് ആദ്യത്തേതും.
പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ് പ്രധാനമന്ത്രി പോകുന്നതെന്നും യു.എൻ പൊതുസഭയിൽ ജറുസലേം വിഷയത്തിൽ ചെയ്ത വോട്ട് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുന്നതാണെന്നും വക്താവ് അറിയിച്ചു.



