ഇറാൻ്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ ചെറുത്ത് യുഎഇ; 157 പേർക്ക് പരിക്ക്, തിരിച്ചടിച്ച് പ്രതിരോധ സേന
പ്രദീപ് പുറവങ്കര
അബുദാബി: യുഎഇക്ക് നേരെ ഇറാൻ്റെ ഭാഗത്തുനിന്നുണ്ടായ അതിശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ യുഎഇ പ്രതിരോധ സേന വിജയകരമായി പ്രതിരോധിച്ചു. ഇന്ന് മാത്രം 10 ബാലിസ്റ്റിക് മിസൈലുകളെയും 45 ഡ്രോണുകളെയുമാണ് യുഎഇ ആകാശത്തുവെച്ച് തകർത്തത്. ഇറാൻ്റെ ആക്രമണ പരമ്പരകൾ ആരംഭിച്ചത് മുതൽ ഇതുവരെ 314 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളും 1,672 ഡ്രോണുകളും രാജ്യം തകർത്തിട്ടുണ്ട്.
ശത്രുരാജ്യത്തിൻ്റെ ക്രൂരമായ ഈ ആക്രമണങ്ങളിൽ രാജ്യത്തെ സംരക്ഷിക്കുന്നതിനിടെ രണ്ട് യുഎഇ സായുധ സേനാംഗങ്ങൾ വീരമൃത്യു വരിച്ചു. കൂടാതെ പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, ഫലസ്തീൻ സ്വദേശികളായ ആറ് സിവിലിയന്മാരും കൊല്ലപ്പെട്ടു. ഇന്ത്യക്കാരും മലയാളികളും ഉൾപ്പെടെ വിവിധ രാജ്യക്കാരായ 157 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്വദേശികൾക്ക് പുറമെ ഈജിപ്ത്, സുഡാൻ, എത്യോപ്യ, ഫിലിപ്പീൻസ്, പാകിസ്ഥാൻ, ശ്രീലങ്ക തുടങ്ങി മുപ്പതോളം രാജ്യങ്ങളിൽ നിന്നുള്ളവർ പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.
രാജ്യത്തിൻ്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഏത് നീക്കത്തെയും നേരിടുമെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഏത് തരത്തിലുള്ള വെല്ലുവിളികളെയും നേരിടാൻ സൈന്യം പൂർണ്ണ സജ്ജമാണ്. രാജ്യത്തിൻ്റെ സമാധാനവും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്നും മന്ത്രാലയം പ്രസ്താവനയിൽ ഉറപ്പിച്ചു പറഞ്ഞു.
dsffddfsfd



