ദുബൈയിൽ എ.ഐ സിനിമ നിർമാണമത്സരം

ഷീബ വിജയൻ
ദുബൈ I നിർമിതബുദ്ധി (എ.ഐ) ഉപയോഗിച്ച് നിർമിക്കുന്ന സിനിമകൾക്കായി ദുബൈയിൽ മത്സരം സംഘടിപ്പിക്കുന്നു. അടുത്ത വർഷം ജനുവരി ഒമ്പതിന് ദുബൈ ഗവൺമെന്‍റ് മീഡിയ ഓഫിസ് സംഘടിപ്പിക്കുന്ന വൺ ബില്യൻ ഫോളോവേഴ്സ് സമ്മിറ്റിന്‍റെ നാലാമത് എഡിഷന്‍റെ ഭാഗമായി ഗൂഗ്ൾ ജെമിനിയുമായി കൈകോർത്താണ് എ.ഐ ഫിലിം നിർമാണ മത്സരം ഒരുക്കുന്നത്. മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 10 ലക്ഷം ഡോളറാണ് സമ്മാനം. ലോകത്ത് എ.ഐ ഉപയോഗിച്ച് നിർമിക്കുന്ന സിനിമകൾക്കായി നടത്തുന്ന ഏറ്റവും വലിയ സമ്മാനത്തുകയുള്ള മത്സരമാണിത്. വൺ ബില്യൻ ഫോളവേഴ്സ് സമ്മിറ്റിന്റെ വേദിയിൽ വെച്ചായിരിക്കും സമ്മാന ജേതാക്കളെ പ്രഖ്യാപിക്കുക.
ചലച്ചിത്ര നിർമാണത്തിൽ നിർമിതബുദ്ധിയുടെ സൃഷ്ടിപരമായ സാധ്യതകൾ പ്രദർശിപ്പിക്കുന്ന വേദികൂടിയായിരിക്കും മത്സരം. തെരഞ്ഞെടുക്കപ്പെടുന്ന എൻട്രികളിൽനിന്ന് ചുരുക്കപ്പട്ടികയിൽ ഇടം പിടിക്കുന്ന 10 സിനിമകൾ വൺ ബില്യൺ ഫോളവേഴ്സ് സമ്മിറ്റിന്റെ വേദിയിൽ പ്രദർശിപ്പിക്കും. തുടർന്ന് ഈ ചിത്രങ്ങളിലെ കഥപറച്ചിൽ രീതി, സർഗാത്മകത, യാഥാർഥ്യ ബോധം, ഉച്ചകോടിയുടെ മാനുഷിക പ്രമേയവുമായുള്ള പൊരുത്തപ്പെടൽ എന്നിവ വിധികർത്താക്കൾ വിലയിരുത്തിയ ശേഷമായിരിക്കും ജേതാവിനെ പ്രഖ്യാപിക്കുക. ഇത്തരം സിനിമകൾ സമൂഹത്തിന് പകർന്നു നൽകേണ്ട മാനുഷികമായ സന്ദേശങ്ങളുടെ അവബോധം വർധിപ്പിക്കുന്നതിനൊപ്പം സർഗാത്മകമായ കഴിവുകൾ, സൗന്ദര്യാത്മക കാഴ്ചപ്പാടുകൾ എന്നിവ എ.ഐ ചലച്ചിത്ര നിർമാണത്തിൽ സംയോജിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ് മത്സരത്തിന്‍റെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കാനുളള ലിങ്കുകളും വിവരങ്ങളും വരും ദിവസങ്ങളിൽ പുറത്തുവിടും.
‘ഉള്ളടക്കം നന്മക്ക്’ എന്നതാണ് ഇത്തണ വൺ ബില്യൺ ഫോളവേഴ്സ് സമ്മിറ്റിന്‍റെ തീം. ജുമൈറ എമിറേറ്റ്സ് ടവേഴ്സ്, ഡി.ഐ.എഫ്.സി, മ്യൂസിയം ഓഫ് ഫ്യൂച്ചർ എന്നിവിടങ്ങളിലാണ് പരിപാടി നടക്കുക. ഗൂഗ്ൾ, മെറ്റ, ഇൻസ്റ്റഗ്രാം, യൂട്യൂബ്, എക്സ്, ടിക്ടോക്, സ്നാപ്ചാറ്റ് എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉച്ചകോടിയിൽ ഭാഗമാകും.
ASSDDSDS