ദോഹ ടാറ്റൂ ഫെസ്റ്റിവൽ ഇന്നു മുതൽ; ലോകോത്തര സൈനിക സംഗീത സംഘങ്ങൾ അണിനിരക്കും
ഷീബ വിജയ൯
ദോഹ: ഖത്തറിൻ്റെ ആകാശത്ത് വർണാഭമായ വെടിക്കെട്ടുകളും ഡ്രോൺ പ്രകടനങ്ങളും ആകർഷകമായ കാഴ്ചകളുമൊരുക്കി ഇൻ്റർനാഷനൽ ഫെസ്റ്റിവൽ ഓഫ് മിലിട്ടറി മ്യൂസിക് ആൻഡ് മാർച്ച്, അഥവാ 'ദോഹ ടാറ്റൂ ഫെസ്റ്റിവൽ' ഇന്ന് തുടങ്ങും. കത്താറ കൾച്ചറൽ വില്ലേജിൽ ഡിസംബർ 16, 17, 19, 20 എന്നീ നാല് ദിവസങ്ങളിലായാണ് പരിപാടി നടക്കുന്നത്.
ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ രക്ഷാകർതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രമുഖരായ അന്താരാഷ്ട്ര, ഖത്തരി സംഗീത സംഘങ്ങൾ ഫെസ്റ്റിവലിൽ അണിനിരക്കും. ബ്രിട്ടനിൽനിന്നുള്ള ഐറിഷ് ഗാർഡും റോയൽ എയർഫോഴ്‌സ് മ്യൂസിക് സർവീസും, യു.എസിൽനിന്നുള്ള എയർഫോഴ്‌സ് ഓണർ ഗാർഡും, തുർക്കിയിൽ നിന്നുള്ള ഓട്ടോമൻ മെഹ്തർ ബാൻഡിൻ്റെയും പങ്കാളിത്തം ശ്രദ്ധേയമാണ്. കൂടാതെ ജോർഡൻ, ഒമാൻ, കസാഖ്സ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള സൈനിക സംഗീത സംഘങ്ങളും ഖത്തരി മ്യൂസിക്കൽ യൂണിറ്റുകളും പങ്കെടുക്കും.
സാംസ്കാരിക പ്രകടനങ്ങൾ, കരിമരുന്ന് പ്രയോഗം, ഡ്രോൺ ഷോ, മാർച്ചും സംഗീത പ്രകടനങ്ങളും എന്നിവയുൾപ്പെടെ വിവിധ ഇവൻ്റുകൾ ടാറ്റൂ ഫെസ്റ്റിവലിൻ്റെ ഭാഗമായി സംഘടിപ്പിക്കും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനായി ഫെസ്റ്റിവൽ വേദിയോട് ചേർന്ന് 'ദി വില്ലേജ്' എന്ന പ്രത്യേക വേദിയും ഒരുക്കിയിട്ടുണ്ട്. മേഖലയിൽ ആദ്യമായാണ് ഖത്തർ ടാറ്റൂ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
dfsvdfsdfs
