ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ ഖത്തർ നിർദ്ദേശം നൽകി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

ദോഹ: ഖത്തറിലെ ഇറാൻ എംബസിയിലെ ഉദ്യോഗസ്ഥർക്ക് രാജ്യം വിടാൻ ഒരാഴ്ചത്തെ സമയം അനുവദിച്ചതായി റിപ്പോർട്ട്. ഇറാൻ എംബസിയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് 'ഇറാൻ ഇന്റർനാഷണൽ' ആണ് വാർത്ത പുറത്തുവിട്ടത്. ഖത്തറിൽ താൽക്കാലികമായി തുടരാൻ ആഗ്രഹിച്ച ചില ഉദ്യോഗസ്ഥർക്ക് താമസസൗകര്യം നൽകരുതെന്ന് സർക്കാർ ഹോട്ടലുകൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ഖത്തറിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽ താനി വ്യക്തമാക്കി. കഴിഞ്ഞ ബുധനാഴ്ച ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്‌ചി, ഖത്തർ വിദേശകാര്യ മന്ത്രിയെ ഫോണിൽ വിളിച്ച് മിസൈൽ ആക്രമണങ്ങൾ ഖത്തറിനെയല്ല, മറിച്ച് അമേരിക്കൻ താൽപ്പര്യങ്ങളെയാണ് ലക്ഷ്യം വെച്ചതെന്ന് വിശദീകരിക്കാൻ ശ്രമിച്ചിരുന്നു.

എന്നാൽ ഇറാന്റെ ഈ വാദങ്ങൾ ഖത്തർ പാടെ തള്ളി. ആക്രമണങ്ങൾ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം, ജനവാസ കേന്ദ്രങ്ങൾ, നിർണ്ണായകമായ അടിസ്ഥാന സൗകര്യങ്ങൾ, ദ്രാവക പ്രകൃതിവാതക (LNG) ഉൽപ്പാദന കേന്ദ്രങ്ങൾ എന്നിവയെയാണ് ലക്ഷ്യമിട്ടതെന്ന് ഖത്തർ ചൂണ്ടിക്കാട്ടി. ഇറാന്റെ നടപടി ഖത്തറിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽ താനി പ്രസ്താവിച്ചു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed