ഇറാൻ ആക്രമണം: ഖത്തറിൽ ആശങ്ക വേണ്ടെന്ന് ആഭ്യന്തര മന്ത്രാലയം; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ്
പ്രദീപ് പുറവങ്കര
ദോഹ: ഇറാനുനേരെയുള്ള യു.എസ് - ഇസ്രായേൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഖത്തറിലെ സുരക്ഷാ സാഹചര്യം സുസ്ഥിരമാണെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി സുരക്ഷാ ഏജൻസികൾ 24 മണിക്കൂറും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം ജനങ്ങൾ വിശ്വസിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. അജ്ഞാത സ്രോതസ്സുകളിൽ നിന്നുള്ള സന്ദേശങ്ങൾക്കോ തെറ്റായ പ്രചാരണങ്ങൾക്കോ ചെവികൊടുക്കരുത്. സ്ഥിരീകരിക്കാത്ത വാർത്തകളോ വീഡിയോ ക്ലിപ്പുകളോ സോഷ്യൽ മീഡിയ വഴിയോ മറ്റോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം കർശനമായി ആവശ്യപ്പെട്ടു. കൃത്യമായ വിവരങ്ങൾ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെ യഥാസമയം ലഭ്യമാക്കുന്നതാണ്.
പൊതുസുരക്ഷ കണക്കിലെടുത്ത് ശനിയാഴ്ച ഉച്ചയോടെ രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും മൊബൈൽ ഫോണുകളിലേക്ക് സുരക്ഷാ സന്ദേശങ്ങൾ അയച്ചിരുന്നു. സൈനിക കേന്ദ്രങ്ങളുടെ പരിസരത്ത് നിന്ന് വിട്ടുനിൽക്കാനും അത്യാവശ്യ സന്ദർഭങ്ങളിൽ ഒഴികെ പുറത്തിറങ്ങാതെ വീടുകളിൽ തന്നെ തുടരാനും നിർദ്ദേശമുണ്ട്. അപകടസാധ്യതകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം മുൻകരുതലുകൾ സ്വീകരിച്ചിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.
O@IPUIU


