തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം; വെന്റിലേറ്റർ മെഷീൻ കത്തിയമർന്നു, രോഗികൾ സുരക്ഷിതർ


ഷീബ വിജയൻ I കേരളം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ തീപിടുത്തം. രണ്ടാം നിലയിലെ അത്യാഹിത വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന പോർട്ടബിൾ വെന്റിലേറ്റർ മെഷീനിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായത്. തീ പടരാതിരിക്കാൻ ഉടനടി ഓക്സിജൻ വിതരണം നിർത്തിവെച്ച ജീവനക്കാരുടെ സമയബന്ധിതമായ ഇടപെടൽ വലിയൊരു ദുരന്തം ഒഴിവാക്കി.

അപകടസമയത്ത് ഐസിയുവിൽ ഉണ്ടായിരുന്ന 33 രോഗികളെയും സ്റ്റാഫിനെയും ഉടൻ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഐസിയു രോഗികളെ ഏഴ്, എട്ട് വാർഡുകളിലേക്കാണ് മാറ്റിയത്. തീപിടുത്തത്തെ തുടർന്ന് ഉണ്ടായ കനത്ത പുക പലർക്കും ശ്വാസതടസ്സം സൃഷ്ടിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ജയചന്ദ്രൻ അറിയിച്ചു. ഗ്ലാസ് വാതിലുകൾ തകർത്താണ് ഫയർഫോഴ്സും ജീവനക്കാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയത്.

ചാക്ക, ചെങ്കൽചൂള സ്റ്റേഷനുകളിൽ നിന്നുള്ള ആറ് യൂണിറ്റ് ഫയർഫോഴ്സ് സംഘം എത്തിയാണ് തീ പൂർണ്ണമായും അണച്ചത്. വെന്റിലേറ്റർ മെഷീനിൽ നിന്നാണ് തീ പടർന്നതെന്ന് റീജണൽ ഫയർ ഓഫീസർ അബ്ദുൽ റഷീദ് സ്ഥിരീകരിച്ചു. മേയർ വി.വി. രാജേഷ്, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ തുടങ്ങിയവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തകരാറിലായ ഉപകരണങ്ങൾ മാറ്റാനുള്ള നടപടികൾ തുടങ്ങിയെന്നും അധികൃതർ വ്യക്തമാക്കി.

article-image

qdsads

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed