ഇറാൻ്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ച് ബഹ്‌റൈൻ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്തിന് നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ ഭീകരാക്രമണങ്ങളെ ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് വ്യോമ പ്രതിരോധ സംവിധാനങ്ങളിലൂടെ വിജയകരമായി പ്രതിരോധിക്കുന്നതായി ജനറൽ കമാൻഡ് അറിയിച്ചു. അധിനിവേശം ആരംഭിച്ചത് മുതൽ ഇന്നലെ വൈകുന്നേരം വരെ രാജ്യത്തെ ലക്ഷ്യം വെച്ച് എത്തിയ 129 മിസൈലുകളും 221 ഡ്രോണുകളും സൈന്യം തകർത്തു. സൈനികരുടെ അതീവ ജാഗ്രതയും പ്രവർത്തനക്ഷമതയും രാജ്യത്തിൻ്റെ ആകാശം സുരക്ഷിതമാണെന്ന ഉറച്ച ആത്മവിശ്വാസം നൽകുന്നുണ്ടെന്നും സൈനികരുടെ പോരാട്ടവീര്യത്തിൽ അഭിമാനമുണ്ടെന്നും ജനറൽ കമാൻഡ് വ്യക്തമാക്കി.
അതേസമയം, നിലവിലെ സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സൈന്യം അഭ്യർത്ഥിച്ചു. തകർന്നുവീണ മിസൈൽ അവശിഷ്ടങ്ങൾ ഉള്ള സ്ഥലങ്ങളിലോ സംശയാസ്പദമായ വസ്തുക്കളുടെ അടുത്തോ പോകരുത്. സൈനിക നീക്കങ്ങളുടെയോ അവശിഷ്ടങ്ങൾ വീണ സ്ഥലങ്ങളുടെയോ ചിത്രങ്ങൾ പകർത്തുന്നതും സോഷ്യൽ മീഡിയ വഴി അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതും കർശനമായി ഒഴിവാക്കണം. വിവരങ്ങൾക്കും മുന്നറിയിപ്പുകൾക്കുമായി ഔദ്യോഗിക സർക്കാർ മാധ്യമങ്ങളെ മാത്രം ആശ്രയിക്കണമെന്നും നിർദ്ദേശമുണ്ട്.
ജനവാസ കേന്ദ്രങ്ങളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യം വെച്ചുള്ള ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിൻ്റെയും നഗ്നമായ ലംഘനമാണെന്ന് സൈന്യം ചൂണ്ടിക്കാട്ടി. ഇത്തരം വിവേചനരഹിതമായ ആക്രമണങ്ങൾ പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്നും ജനറൽ കമാൻഡ് പ്രസ്താവനയിൽ അറിയിച്ചു.
w2eqwsqwews



