ഒമാൻ ബൊട്ടാണിക് ഗാർഡൻ സന്ദർശകർക്കായി ഒരുങ്ങുന്നു
ഷീബ വിജയ൯
മസ്കത്ത്: ഒമാനിലെ സസ്യജാല വൈവിധ്യത്തെയും ആവാസ വ്യവസ്ഥകളെയും അടുത്തറിയാൻ സഹായിക്കുന്ന ഒമാൻ ബൊട്ടാണിക് ഗാർഡൻ സന്ദർശകർക്കായി ഒരുങ്ങുന്നു. പൂർണമായും പ്രവർത്തന സജ്ജമായ ബൊട്ടാണിക് ഗാർഡൻ്റെ ചുമതല പൈതൃക ടൂറിസം മന്ത്രാലയം മസ്കത്ത് മുനിസിപ്പാലിറ്റിക്ക് കൈമാറി. മസ്കത്ത് മുനിസിപ്പാലിറ്റിയായിരിക്കും ഗാർഡൻ്റെ പ്രവർത്തന മേൽനോട്ടം വഹിക്കുക.
മസ്കത്തിൽ നിന്ന് 35 കിലോമീറ്റർ അകലെ ഹജർ പർവത നിരയിൽ 495 ഹെക്ടറിലായാണ് ബൊട്ടാണിക് ഗാർഡൻ സ്ഥിതി ചെയ്യുന്നത്. വിസ്തൃതിയുടെ കാര്യത്തിൽ മേഖലയിലെ ഏറ്റവും വലിയ ബൊട്ടാണിക്കൽ ഗാർഡനുകളിലൊന്നാണിത്. ഒമാൻ്റെ ഭൂമിശാസ്ത്രപരവും സസ്യശാസ്ത്രപരവുമായ വൈവിധ്യത്തെ വിദ്യാഭ്യാസ, വിനോദ സഞ്ചാര ലക്ഷ്യങ്ങളുമായി ഏകോപിപ്പിച്ചാണ് പദ്ധതി രൂപകൽപ്പന ചെയ്തത്.
ഒമാനിലെ വിവിധ പരിസ്ഥിതി സാഹചര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന എട്ട് വ്യത്യസ്ത ഭൂപ്രകൃതി മേഖലകൾ ബൊട്ടാണിക്കൽ ഗാർഡനിൽ സന്ദർശകർക്ക് അനുഭവിക്കാനാകും. ഇതിൽ ആറ് മേഖലകൾ പാതി വരണ്ട പ്രദേശത്തിലൂടെ നീളുന്ന പ്രകൃതിദത്ത താഴ്വരകളെ ഉൾക്കൊള്ളിച്ചിട്ടുള്ളതാണ്. ശേഷിക്കുന്ന രണ്ട് ബയോമുകൾ രാജ്യത്തിൻ്റെ വടക്കൻ പർവതപ്രദേശങ്ങളിലെ കാലാവസ്ഥയും തെക്കൻ പ്രദേശങ്ങളിലെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയും പുനരാവിഷ്കരിക്കുന്നു. ഒമാൻ്റെ വൃക്ഷജാലങ്ങളുടെ 'ജീവനുള്ള ശേഖരശാല'യായി ഈ പദ്ധതി മാറും. അന്തിമ മുന്നൊരുക്കങ്ങൾ പൂർത്തിയാവുന്നതോടെ ഉദ്യാനം വൈകാതെ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്നാണ് വിവരം.
dssadasdsa
