ഖത്തറിൽ വ്യാജവാർത്തകളും വീഡിയോകളും പ്രചരിപ്പിച്ചു; 313 വിദേശികൾ അറസ്റ്റിൽ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ദോഹ: നിലവിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച 313 പേരെ ഖത്തർ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. മന്ത്രാലയത്തിന് കീഴിലുള്ള ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് ക്രൈംസ് വിഭാഗമാണ് വിവിധ രാജ്യക്കാരായ ഇവരെ പിടികൂടിയത്.
പൊതുജനങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള വീഡിയോകൾ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിനും, അധികൃതരുടെ നിർദ്ദേശങ്ങൾ ലംഘിച്ച് തെറ്റായ വിവരങ്ങൾ പങ്കുവെച്ചതിനുമാണ് നടപടി. ഖത്തർ ന്യൂസ് ഏജൻസി (QNA) പുറത്തുവിട്ട ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പിടിയിലായവർക്കെതിരെ ആവശ്യമായ നിയമ-ഭരണപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം തടയുന്നതിനും സുരക്ഷാ മുൻകരുതലുകൾ കർശനമാക്കുന്നതിനും വേണ്ടിയുള്ള നിരന്തരമായ നിരീക്ഷണത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് മന്ത്രാലയം അറിയിച്ചു. നിലവിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള വീഡിയോകൾ ചിത്രീകരിക്കാനോ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാനോ ആരും മുതിരരുത്. ഔദ്യോഗികവും അംഗീകൃതവുമായ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കണം. നിയമലംഘനം നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
opikioiuo


