എട്ടു മാസത്തിനിടെ ഖത്തർ സന്ദർശിച്ചത് 32.7 ലക്ഷം പേർ

ഷീബ വിജയൻ
ദോഹ I ഈ വർഷം ഖത്തർ സന്ദർശിച്ചത് മുപ്പത് ലക്ഷത്തിലേറെ പേർ. ജി.സി.സി രാഷ്ട്രങ്ങളിൽനിന്നാണ് കൂടുതൽ പേർ രാജ്യത്തെത്തിയത്. യൂറോപ്പ് രണ്ടാം സ്ഥാനത്താണ്. പ്രാദേശിക അറബ് മാധ്യമമായ അൽ വത്വൻ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം ഈ വർഷം ആദ്യ എട്ടു മാസം ഖത്തറിലെത്തിയത് 32.7 ലക്ഷം പേരാണ്. ഇതിൽ 19.2 ലക്ഷം പേർ എത്തിയത് വിമാനമാർഗമാണ്. 11 ലക്ഷം പേർ കരമാർഗവും 2.4 ലക്ഷം പേർ കടൽ മാർഗവും രാജ്യത്തെത്തി. ആകെ സന്ദർശകരുടെ 36.8 ശതമാനം ജി.സി.സി രാഷ്ട്രങ്ങളിൽനിന്നെത്തിയവരാണ്. അഥവാ, 12 ലക്ഷം പേർ.
രണ്ടാം സ്ഥാനത്തുള്ള യൂറോപ്പിൽനിന്ന് എട്ടു ലക്ഷത്തിലേറെ പേരെത്തി. ആകെ സന്ദർശകരുടെ 24.6 ശതമാനം. ഏഷ്യാ-ഓഷ്യാനിയ രാഷ്ട്രങ്ങളിൽനിന്ന് 7.1 ലക്ഷം പേരാണ് ഇക്കാലയളവിൽ ഖത്തർ സന്ദർശിച്ചത്. ജനുവരിയിലാണ് ഏറ്റവും കൂടുതൽ യാത്രക്കാരെത്തിയത്. ഈ വർഷം ആദ്യപാതിയിൽ ഖത്തർ ടൂറിസം പുറത്തിറക്കിയ ഡേറ്റ പ്രകാരം രാജ്യത്തെത്തിയ സന്ദർശകരുടെ എണ്ണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് മൂന്നു ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയിരുന്നത്.
SDFGFD