പരമാധികാരത്തിൽ തൊട്ടുകളിക്കേണ്ട'; നെതന്യാഹുവിനെ കടന്നാക്രമിച്ച് ഖത്തർ


ഷീബ വിജയൻ

ദോഹ I ഖത്തറിൽ വീണ്ടും ആക്രമണം നടത്താൻ മടിക്കില്ലെന്ന നെതന്യാഹുവിന്റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് ഖത്തർ. രാജ്യത്തിന്റെ പരമാധികാരത്തിൽ തൊട്ടുകളിക്കേണ്ടെന്ന് ഖത്തർ വ്യക്തമാക്കി. നെതന്യാഹുവിന്റെ പ്രസ്താവന ലോകം തള്ളിക്കളയണമെന്നും രാജ്യം ആവശ്യപ്പെട്ടു. ഹമാസ് നേതാക്കളെ പുറത്താക്കിയില്ലെങ്കിൽ ഖത്തറിൽ വീണ്ടും ആക്രമണം നടത്താൻ മടിക്കില്ലെന്ന ഇസ്രായേൽ പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് അതിശക്തമായ ഭാഷയിലാണ് ഖത്തർ പ്രതികരിച്ചത്. പ്രസ്താവന രാജ്യത്തിന്റെ പരമാധികാരത്തോടുള്ള വെല്ലുവിളിയാണെന്നും ഹമാസിന്റെ ഓഫീസ് ഇവിടെ പ്രവർത്തിക്കുന്നത് നെതന്യാഹുവിന് അറിയാത്ത കാര്യമാണോ എന്നും ഖത്തർ ചോദിച്ചു. വിദേശകാര്യമന്ത്രാലയത്തിന്റേതാണ് പ്രസ്താവന. ദോഹയിൽ നടത്തിയ ഭീരുത്വപൂർണമായ ആക്രമണത്തെ ന്യായീകരിക്കാനാണ് ഇസ്രായേലിന്റെ ശ്രമം. യുഎസിന്റെയും ഇസ്രായേലിന്റെയും അഭ്യർഥന പ്രകാരം മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായാണ് ദോഹയിലെ ഹമാസ് ഓഫീസ് പ്രവർത്തിക്കുന്നത്. ഇത് നെതന്യാഹുവിന് അറിയാത്ത കാര്യമല്ല. യുഎസ്, ഇസ്രായേലി സംഘത്തിന്റെ സാന്നിധ്യത്തിൽ സുതാര്യമായാണ് ചർച്ചകൾ നടക്കുന്നത്. അതിന് അന്താരാഷ്ട്ര പിന്തുണയുമുണ്ട്. ഖത്തർ ഹമാസ് സംഘത്തിന് രഹസ്യ ഇടം കൊടുത്തെന്ന നെതന്യാഹുവിന്റെ പ്രസ്താവന ആക്രമണത്തെ ന്യായീകരിക്കാനാണെന്നും ഖത്തർ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിൽ ജയിക്കാൻ ഭീകരത പറയുന്ന ഒരാളിൽ നിന്ന് ഇത്തരം വാക്കുകൾ വരുന്നതിൽ അത്ഭുതമില്ല. ദിനംപ്രതി ഉപരോധങ്ങൾക്കു മുമ്പിലാണ് അദ്ദേഹം. ആഗോളതലത്തിൽ ഒറ്റപ്പെട്ടു കഴിഞ്ഞു. നെതന്യാഹുവിനെ അന്താരാഷ്ട്ര തലത്തിൽ നിയമത്തിനു മുമ്പിൽ കൊണ്ടുവരും. മേഖലയിലെ രാഷ്ട്രങ്ങളുമായി ചേർന്ന് അതിനുള്ള ശ്രമം നടക്കുകയാണെന്നും ഖത്തർ വ്യക്തമാക്കി.

article-image

ASDCAS

You might also like

Most Viewed