നരേന്ദ്ര മോദി ജോർഡനിൽ; ത്രിരാഷ്ട്ര സന്ദർശനം ആരംഭിച്ചു
ഷീബ വിജയ൯
മസ്കത്ത്: ത്രിരാഷ്ട്ര സന്ദർശനത്തിൻ്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ജോർഡനിലെത്തി. അമ്മാനിലെ വിമാനത്താവളത്തിൽ ജോർഡൻ പ്രധാനമന്ത്രി ജാഫർ ഹസൻ അദ്ദേഹത്തെ സ്വീകരിച്ചു. ചൊവ്വാഴ്ച ജോർഡനിൽ നിന്ന് എത്യോപ്യയിലേക്കും തുടർന്ന് ബുധനാഴ്ച എത്യോപ്യയിൽ നിന്ന് ഒമാനിലേക്കും മോദി തിരിക്കും.
ജോർഡൻ, എത്യോപ്യ, ഒമാൻ എന്നീ രാജ്യങ്ങളുമായി ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് സന്ദർശനം. ജോർഡൻ സന്ദർശനം ഇന്ത്യ-ജോർഡൻ നയതന്ത്ര ബന്ധങ്ങളുടെ 75-ാം വാർഷിക പശ്ചാത്തലത്തിലാണ്. ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ ഇബ്നു അൽ ഹുസൈൻ്റെ ക്ഷണപ്രകാരം എത്തിയ മോദി, ഉഭയകക്ഷി ബന്ധങ്ങളുടെ സമഗ്ര അവലോകനവും മേഖലാതല സംഭവവികാസങ്ങളുമാണ് ചർച്ച ചെയ്യുക. രാജ്യത്തെ ഇന്ത്യൻ പ്രവാസികളുമായി കൂടിക്കാഴ്ചയും നടത്തും.
എത്യോപ്യയിലേക്കുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്. പ്രധാനമന്ത്രി അബി അഹ്മദ് അലിയുമായി ചർച്ചകൾ നടത്തും. ആഫ്രിക്കൻ യൂണിയൻ്റെ ആസ്ഥാനമായ അഡിസ് അബാബയിൽ ഇന്ത്യൻ പ്രവാസികളെയും അദ്ദേഹം കാണും. സുൽത്താൻ ഹൈതം ബിൻ താരിഖിൻ്റെ ക്ഷണപ്രകാരം ബുധനാഴ്ചയാണ് മോദി ഒമാനിലെത്തുക. വ്യാഴാഴ്ച വരെ അദ്ദേഹം ഒമാനിൽ തുടരും. വ്യാപാരി, നിക്ഷേപം, ഊർജം, പ്രതിരോധം തുടങ്ങിയ മേഖലകളിലെ സഹകരണം ഇരു രാജ്യങ്ങളും അവലോകനം ചെയ്യും.
dsdddsf
