മസ്‌കത്തിലെ നസീം പാർക്ക് അടച്ചിടില്ലെന്ന് ഹൗസിങ് മന്ത്രാലയം
ഷീബ വിജയ൯
മസ്‌കത്ത്: മസ്‌കത്ത് നൈറ്റ്‌സിന്റെ മുന്നൊരുക്കത്തിനായി നസീം പാർക്ക് അടച്ചിടില്ലെന്നും, പാർക്ക് പൊതു ഉപയോഗത്തിനായുള്ള സ്ഥലമായി തുടരുമെന്നും ഭവന നഗരപരിപാലന മന്ത്രാലയം വ്യക്തമാക്കി. മസ്‌കത്ത് നൈറ്റ്‌സിന്റെ മുന്നൊരുക്കത്തിനായി ഖുറം പാർക്ക്, ആമിറാത്ത് പാർക്ക്, നസീം പാർക്ക് എന്നിവ അടച്ചിടുമെന്നായിരുന്നു നേരത്തേ മസ്‌കത്ത് മുനിസിപ്പാലിറ്റി അറിയിച്ചിരുന്നത്. എന്നാൽ, ഇതിൽ നസീം പാർക്ക് പൊതുജനങ്ങൾക്ക് തുറന്നുനൽകുമെന്ന് ഭവന നഗരപരിപാലന മന്ത്രാലയം ഞായറാഴ്ച അറിയിക്കുകയായിരുന്നു. മസ്‌കത്ത് ഗവർണറുടെ ഓഫീസും മസ്‌കത്ത് മുനിസിപ്പാലിറ്റിയും നടത്തുന്ന ഏകോപനപ്രവർത്തനങ്ങൾ പാർക്കിൽ 'മസ്‌കത്ത് നൈറ്റ്സ്' പോലുള്ള ഇവന്റുകൾ തുടർന്നും നടത്തുന്നതിന് തടസ്സമാകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. പാർക്ക് 'യമാൽ' നഗരം പദ്ധതിയുടെ പ്രധാന ഘടകമായും തുടരുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. പാർക്കിനകത്തും പരിസരപ്രദേശങ്ങളിലുമുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, നടപ്പാതകളും ലഘുഗതാഗത ബന്ധങ്ങളും വഴി പുതിയ വാട്ടർഫ്രണ്ടിലേക്കുള്ള കൂടുതൽ സൗകര്യങ്ങൾ സൃഷ്ടിക്കൽ, പൊതുഗതാഗതം വഴി സുൽത്താൻ ഹൈതം സിറ്റിയുമായി പാർക്കിനെ ബന്ധിപ്പിക്കൽ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു. വാട്ടർഫ്രണ്ട് തന്നെ ഒരു വിപുലമായ പൊതുസ്ഥലമായി സന്ദർശകർക്ക് കൂടുതൽ അനുഭവങ്ങൾ നൽകും.
adswadssd
