നടിയെ ആക്രമിച്ച കേസ്: കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് നിയമമന്ത്രി
ഷീബ വിജയ൯
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീൽ പോകുമെന്ന് നിയമമന്ത്രി പി. രാജീവ് അറിയിച്ചു. ഇക്കാര്യം മുഖ്യമന്ത്രിയോട് സംസാരിച്ചതായും, മുഖ്യമന്ത്രിയും അപ്പീൽ നൽകാനാണ് നിർദേശിച്ചതെന്നും മന്ത്രി രാജീവ് പറഞ്ഞു. ഡി.ജി.പി.യുമായും ഇക്കാര്യം സംസാരിച്ചു. കേസിൽ പ്രോസിക്യൂഷൻ ഭാഗിക വിജയം നേടി. പൂർണമായ വിജയത്തിന് വേണ്ടിയാവും അപ്പീൽ പോകുകയെന്നും രാജീവ് പറഞ്ഞു.
സർക്കാർ അതിജീവിതക്കൊപ്പം ഉറച്ചുനിൽക്കും. കേസിൽ അന്വേഷണസംഘത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിരുന്നു. നല്ല രീതിയിലാണ് അന്വേഷണം നടന്നത്. എന്നിട്ടും എന്തുകൊണ്ടാണ് പ്രതികൂല വിധിയുണ്ടായതെന്ന് പരിശോധിക്കും. വിധി പകർപ്പ് ലഭിച്ചതിന് ശേഷമേ ഇക്കാര്യത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കാനാവുവെന്നും പി. രാജീവ് പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് ഇന്ന് പുറത്ത് വന്നത്. കേസിൽ ഒന്ന് മുതൽ ആറ് വരെ പ്രതികൾ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. ഒന്ന് മുതൽ ആറ് പ്രതികളുടെ ശിക്ഷ ഡിസംബർ 12ന് പ്രഖ്യാപിക്കും. എൻ.എസ്. സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ദിലീപ് കുറ്റകൃത്യത്തിൽ പങ്കെടുത്തതിന് തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒന്നു മുതൽ ആറ് വരെ പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു. എന്നാൽ, ഏഴ് മുതലുള്ള പ്രതികൾക്കെതിരെ ചുമത്തിയ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.
sdsaadsads
